ലൈസൻസില്ലാതെ ഡ്രോൺ ഓപറേഷൻ പാടില്ല; നിയമ ഭേദഗതിയുമായി ദുബൈ
ദുബൈ ഭരണാധികാരി ഡ്രോൺ നിയമങ്ങളിൽ പ്രഖ്യാപിച്ച പുതിയ ഭേദഗതി പ്രകാരമാണ് നിയന്ത്രണം
ദുബൈ: സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ലൈസൻസില്ലാതെ ഡ്രോൺ എയർപോർട്ട്, ഡ്രോൺ ഓപ്പറേഷനുള്ള മറ്റു അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തുന്നതിന് ദുബൈ സർക്കാർ വിലക്ക് ഏർപ്പെടുത്തി. ദുബൈ ഭരണാധികാരി ഡ്രോൺ നിയമങ്ങളിൽ പ്രഖ്യാപിച്ച പുതിയ ഭേദഗതി പ്രകാരമാണ് നിയന്ത്രണം.
ഡ്രോണുകൾക്കുള്ള ഇന്ധനം, ഊർജം എന്നിവ വിതരണം ചെയ്യാനും ലൈസൻസ് നേടിയിരിക്കണം. ദുബൈയിൽ സർക്കാർ ആവശ്യങ്ങൾക്കും, സർക്കാരേതര ആവശ്യങ്ങൾക്കും ഡ്രോൺ എയർപോർട്ടുകൾ നിർമിക്കാനും, അവയുടെ രൂപകൽപനക്ക് അനുമതി നൽകാനും ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിക്കായിരിക്കും അധികാരം. ദുബൈ ഏവിയേഷൻ സിറ്റിയുടെ അതിർത്തിക്കകത്തെ സർക്കാർ ഉപയോഗത്തിനുള്ള ഡ്രോണുകളുടെ ഓപറേഷന് ദുബൈ ഏവിയേഷൻ എഞ്ചിനീയറിങ് പ്രൊജക്ടസും ഏവിയേഷൻ അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കും. ഡ്രോൺ എയർപോർട്ടുകളുടെ നിർമാണത്തിനുള്ള കരാറുകാരുടെ യോഗ്യത പരിശോധിക്കാനും, സർട്ടിഫൈ ചെയ്യാനും ഇവർക്കായിരിക്കും അധികാരമെന്ന് നിയമഭേദഗതി വ്യക്തമാക്കുന്നു.
Adjust Story Font
16