അമുസ്ലിം പിന്തുടർച്ചാവകാശം; ദുബൈ കോടതിയിൽ പ്രത്യേക വകുപ്പ് പ്രവർത്തനമാരംഭിച്ചു
മുസ്ലിംകൾ അല്ലാത്ത ദുബൈ നിവാസികൾക്ക് ഇനി അവരുടെ സ്വന്തം വ്യക്തി നിയമം അനുസരിച്ച് സ്വത്ത് നൽകാനാകും
ദുബൈ: മുസ്ലിംകൾ അല്ലാത്തവരുടെ പിന്തുടർച്ചവകാശ നടപടികൾ പൂർത്തിയാക്കാൻ ദുബൈ കോടതിക്ക് കീഴിൽ പ്രത്യേക വകുപ്പ് പ്രവർത്തനം ആരംഭിച്ചു. മുസ്ലിംകൾ അല്ലാത്ത ദുബൈ നിവാസികൾക്ക് അവരുടെ സ്വന്തം വ്യക്തി നിയമം അനുസരിച്ച് വിൽപത്രം തയാറാക്കാനും, അവകാശികൾക്ക് സ്വത്ത് നൽകാനും ഇവിടെ സൗകര്യമുണ്ടാകും.
ദുബൈയിൽ താമസിക്കുന്ന ഓരോ ജനവിഭാഗത്തിന്റെ സംസ്‌കാരിക വൈവിധ്യത്തെ മാനിക്കുന്നതിന്റെ ഭാഗമായാണ് മുസ്ലിംകൾ അല്ലാത്തവർക്ക് അവരുടെ വ്യക്തി നിയമം അനുസരിച്ച് പിന്തുടർച്ചാവകാശ നടപടികൾ പൂർത്തിയാക്കാൻ സൗകര്യമൊരുക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. മുസ്ലിംകൾ അല്ലാത്തവർ മരിച്ചാൽ അവരുടെ വ്യക്തിനിയമം അനുസരിച്ച് രാജ്യത്തെ എല്ലാ നിയമപരിരക്ഷയും ലഭിക്കുന്നവിധം സ്വത്തുക്കൾ അവകാശികൾക്ക് നൽകാൻ ഇതിലൂടെ സാധിക്കും.
മരണപ്പെടുന്നതിന് മുമ്പ് ഓരോ വ്യക്തികൾക്കും അവരുടെ വിശ്വാസപ്രകാരമോ, വ്യക്തിനിയമം അനുസരിച്ചോ വിൽപത്രം തയാറാക്കി വെക്കാനും, സ്വത്ത് ഭാഗം വെപ്പ് സുഗമമാക്കാനും ദുബൈ കോടതിയുടെ പുതിയ വകുപ്പ് സൗകര്യമൊരുക്കും. നേരത്തേ, ഇസ്ലാമിക പിന്തുടർച്ചാ അവകാശ നിയമപ്രകാരമാണ് യു എ ഇയിൽ എല്ലാ വിഭാഗങ്ങളുടെയും പിന്തുടർച്ചാവകാശം നിശ്ചയിച്ചിരുന്നത്.
എന്നാൽ, മറ്റു മതവിശ്വാസികളുടെ അനന്തരാവകാശം സുഗമമാക്കാൻ 2017 ൽ തന്നെ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ഉത്തരവിട്ടിരുന്നു. ദുബൈ എമിറേറ്റിനു കീഴിലും, ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന് കീഴിലും വരുന്ന സ്വത്ത് വകകൾക്കും ഇത് ബാധകമാക്കിയിരുന്നു.
Adjust Story Font
16