സിനിമയ്ക്ക് റോഡിലെ കുഴികളുമായി ബന്ധമുണ്ട്, സർക്കാറിനെ വിമർശിക്കുന്നതിൽ തെറ്റില്ല: നടൻ ഇർഷാദ്
സിനിമാ പ്രൊമോഷന് വേണ്ടി ഇത്തരം പ്രചാരണം നടത്തുമ്പോൾ സത്യാവസ്ഥ കൂടി അന്വേഷിക്കണമായിരുന്നുവെന്ന് സംവിധായകൻ എം.എ നിഷാദ്
ദുബൈ: 'ന്നാ താൻ കേസ് കൊട്' സിനിമാ പരസ്യത്തിലെ കുഴി വിവാദത്തിൽ പോസ്റ്ററിനെ അനുകൂലിച്ച് നടൻ ഇർഷാദ്. സിനിമയ്ക്ക് റോഡിലെ കുഴികളുമായി ബന്ധമുള്ളതിനാൽ പോസ്റ്റർ തെറ്റല്ലെന്നും സർക്കാറിനെ വിമർശിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടൂ മെൻ സിനിമയുടെ റിലീസിന് മുന്നോടിയായി ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
എന്നാൽ, സിനിമാ പ്രൊമോഷന് വേണ്ടി ഇത്തരം പ്രചാരണം നടത്തുമ്പോൾ സത്യാവസ്ഥ കൂടി അന്വേഷിക്കണമായിരുന്നു എന്ന് സംവിധായകൻ എം.എ നിഷാദ് പറഞ്ഞു. സിനിമയുടെ പരസ്യത്തിൽ റോഡിലെ കുഴികൾ കൂടി പരാമർശിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ വിവാദം ചൂടുപിടിക്കുന്നതിനിടെയാണ് സിനിമാരംഗത്തുള്ളവരുടെ പ്രതികരണം. തിയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന സിനിമയുടെ പരസ്യ പോസ്റ്ററിനെതിരെയാണ് ഇടത് അനുകൂല പ്രൊഫൈലുകൾ വൻ വിമർശനവുമായി രംഗത്തെത്തിയത്. സംസ്ഥാന സർക്കാരിനെയും പൊതുമരാമത്ത് വകുപ്പിനെയും അവഹേളിക്കാനുള്ള ശ്രമമാണ് പരസ്യത്തിലെന്നാണ് പ്രധാന വിമർശനം. പരസ്യം പിൻവലിച്ചു മാപ്പുപറഞ്ഞില്ലെങ്കിൽ ചിത്രം ബഹിഷ്‌ക്കരിക്കാനും ആഹ്വാനമുയരുന്നുണ്ട്.
'ദേവദൂതർ പാടി...' ഗാനരംഗത്തിലെ കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസിലൂടെ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം റിലീസ് ദിവസത്തെ സൈബർ ആക്രമണത്തിലൂടെ കൂടുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്. എന്നാൽ, കാര്യങ്ങളെ അതീവഗൗരവമായിട്ട് കാണുന്നതിനു പകരം കുറച്ചുകൂടി സരസമായിട്ട് എടുക്കണമെന്നായിരുന്നു സൈബർ ആക്രമണത്തോട് നടൻ പ്രതികരിച്ചത്. പരസ്യം കണ്ടപ്പോൾ തനിക്ക് ചിരിയാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. വൈരാഗ്യം, അമർഷം തുടങ്ങിയ കാര്യങ്ങൾ മാറ്റിയിട്ട് ഇതിലെ നന്മകളെന്താണ്, നല്ലതെന്താണെന്ന് കണ്ടു മനസിലാക്കണം. ഈ സിനിമയിൽ അതു തന്നെയാണ് കൂടുതലുള്ളതെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മളൊരു നല്ല കാര്യം ചെയ്യുമ്പോൾ നല്ലതിലെന്താണ് ചീത്ത എന്നു കാണാനാണ് ഇപ്പോൾ സമൂഹം കൂടുതൽ ശ്രമിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.
കാസർകോടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പയ്യന്നൂരുകാരനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. സന്തോഷ് ടി. കുരുവിളയാണ് നിർമാണം. കള്ളനായ അംബാസ് രാജീവൻ എന്ന പേരിൽ അറിയപ്പെടുന്ന കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഗായത്രി ശങ്കറാണ് നായിക.
Adjust Story Font
16