യു.എ.ഇയിൽ ഇനി ക്രിക്കറ്റ് കാർണിവൽ; ഇൻറർനാഷനൽ ലീഗ് ടി 20 ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം
മൂന്ന് ഐ.പി.എൽ ടീമുകളുടെ സഹ ടീമുകളും യു.എ.ഇയിൽ കളിക്കാനിറങ്ങുന്നുണ്ട്
ഇൻറർനാഷനൽ ലീഗ് ടി 20 ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച തുടക്കമാകും. ആദ്യ മത്സരത്തിൽ അബൂദബി നൈറ്റ് റൈഡേഴ്‌സും ദുബൈ കാപ്പിറ്റൽസും ഏറ്റുമുട്ടും. ദുബൈ ഇൻറർനാഷനൽ സ്‌റ്റേഡിയത്തിലാണ് മത്സരം. ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ളവർ ഉദ്ഘാടന ചടങ്ങ് സമ്പന്നമാക്കാനെത്തും. വൈകുന്നേരം 6.45നാണ് ആദ്യ മത്സരം. ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ യു.എ.ഇ ക്രിക്കറ്റ് ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ടൂർണമെൻറിന്റെ ആദ്യ സീസണാണ് നാളെ തുടങ്ങുന്നത്. മൂന്ന് ഐ.പി.എൽ ടീമുകളുടെ സഹ ടീമുകളും യു.എ.ഇയിൽ കളിക്കാനിറങ്ങുന്നുണ്ട്. ദുബൈ, ഷാർജ, അബൂദബി സ്‌റ്റേഡിയങ്ങളിലാണ് മത്സരം.
മുംബൈ ഇന്ത്യൻസിന്റെ ഉടമസ്ഥതയിലുള്ള എം.ഐ എമിറേറ്റ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അബൂദബി നൈറ്റ് റൈഡേഴ്‌സ്, ഡൽഹി കാപ്പിറ്റൽസിന്റെ ദുബൈ കാപ്പിറ്റൽസ് എന്നിവയാണ് ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ ടീമുകൾ. ഇതിന് പുറമെ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ ഗൾഫ് ജയൻറ്‌സ്, ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാപ്രി ഗ്ലോബലിന്റെ ഗൾഫ് ജയൻറ്‌സ് എന്നിവയുമുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഡസർട്ട് വൈപ്പേഴ്‌സാണ് ഇന്ത്യൻ സാന്നിധ്യമില്ലാത്ത ഏക ടീം.
കിറോൺ പൊള്ളാഡ്, ഡൈ്വൻ ബ്രാവോ, സുനിൽ നരൈൻ, ആന്ദ്രേ റസൽ, നിക്കോളാസ് പുരാൻ, ഷിംറോൺ ഹെറ്റ്‌മെയർ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. യു.എ.ഇ ദേശീയ ടീമിലെ മലയാളി താരങ്ങളായ സി.പി. റിസ്‌വാൻ, ബാസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നിവരും ടീമിന്റെ ഭാഗമാണ്.
ഓരോ ടീമിലെയും പ്ലേയിങ് ഇലവനിൽ രണ്ട് യു.എ.ഇ താരങ്ങൾ വേണമെന്ന് നിർബന്ധമാണ്. ഒമ്പത് വിദേശ താരങ്ങളെയും ഉൾപെടുത്താം. അസോസിയേറ്റ് രാജ്യങ്ങളിലെ രണ്ട് താരങ്ങൾ ടീമിൽ വേണമെന്ന് നിബന്ധനയുണ്ടെങ്കിലും ഇവർ പ്ലേയിങ് ഇലവനിൽ ഉണ്ടാകണമെന്ന് നിർബന്ധമില്ല. ഇന്ത്യ, പാകിസ്താൻ താരങ്ങൾ ടൂർണമെൻറിൽ കളിക്കുന്നില്ല.
Now Cricket Carnival in UAE; The International League T20 Championship starts tomorrow
Adjust Story Font
16