യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികളുടെ എണ്ണം 35 ലക്ഷം കടന്നു; പുതുതായി എത്തിയത് 1,30,000 പേർ
വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ശനിയാഴ്ച ലോക്സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
ദുബൈ: യു.എ.ഇയിൽ ഇന്ത്യൻ പ്രവാസികളുടെ എണ്ണം 35 ലക്ഷം കവിഞ്ഞു. ഈ വർഷം 1,30,000 പേർ കൂടി എത്തിയതോടെ ഇന്ത്യക്കാരുടെ എണ്ണം 35,54,000 ആയി ഉയർന്നു. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ചേക്കേറിയ വിദേശരാജ്യം കൂടിയാണ് യു.എ.ഇ. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ശനിയാഴ്ച ലോക്സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ മാത്രമായി നിലവിൽ 80 ലക്ഷത്തോളം ഇന്ത്യക്കാർ ജീവിക്കുന്നതായും മന്ത്രി അറിയിച്ചു.
പുറം രാജ്യങ്ങളിൽ ജോലി അന്വേഷിക്കുന്ന ഇന്ത്യക്കാരുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് യു.എ.ഇ. ഇന്ത്യക്കാരായ പ്രവാസി തൊഴിലാളികളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്ര സർക്കാർ ദുബൈ, റിയാദ്, ജിദ്ദ, ക്വാലാലംപൂർ എന്നിവിടങ്ങളിൽ വിദേശ ഇന്ത്യൻ സഹായ കേന്ദ്രങ്ങൾ സ്ഥാപിച്ചതായും മന്ത്രി മുരളീധരൻ അറിയിച്ചു. അതേസമയം, ഇന്ത്യ മറ്റൊരു സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങുമ്പോൾ വിദേശ രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ പ്രഫഷണലുകളുടെ പലായനം കടുത്ത ചില ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. 1.4 ശതകോടി സാമ്പത്തിക ശക്തിയുള്ള രാജ്യത്തിന്‍റെ വികസനത്തെ മന്ദഗതിയിലാക്കുന്ന പ്രവണതയാണ് തൊഴിൽ തേടിയുള്ള വർധിച്ച പലായനമെന്നും കേന്ദ്രസർക്കാർ നിരീക്ഷിക്കുന്നു
Adjust Story Font
16