ഷാർജയിൽ ഒലീവ് മരത്തിൽ നിന്ന് തേനെടുക്കാൻ പദ്ധതി
അൽ ദൈദ് സർവകലാശാലയാണ് നേതൃത്വം നൽകുക
ഷാർജ: ഒലീവ് മരത്തിൽ നിന്ന് തേൻ ശേഖരിക്കുന്ന പദ്ധതിയുമായി ഷാർജ. പൂർണമായും കീടനാശിനിരഹിതമായ രീതിയിൽ തേൻ ശേഖരിക്കാൻ സാധ്യമാകുന്ന പദ്ധതി അൽ ദൈദ് സർവകലാശാലയാണ് നടപ്പാക്കുന്നത്. ഷാർജ റേഡിയോയിലും ടെലിവിഷനിലും ബ്രോഡ്കാസ്റ്റ് ചെയ്യുന്ന 'ഡയറക്ട്‌ലൈൻ' പരിപാടിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
തേൻ പദ്ധതിക്ക് പുറമെ പച്ചക്കറി ഉത്പാദന ഫാമുകളും കന്നുകാലി, കോഴി ഫാമുകളും സർവകലാശാലയുടെ പദ്ധതിയിലുണ്ട്. പാലും മാംസവും ഉത്പാദിപ്പിക്കുന്നതിന് ആടുകളെ വളർത്തുന്നത് ലക്ഷ്യമിട്ടുള്ള മേച്ചിൽപ്പുറ പദ്ധതിക്കും യൂനിവേഴ്‌സിറ്റി മേൽനോട്ടം വഹിക്കും.
ഈ വർഷം തുടക്കത്തിലാണ് കൃഷി, പരിസ്ഥിതി, ഭക്ഷണം, കന്നുകാലികൾ എന്നീ മേഖലയിൽ പ്രത്യേകമായി ശ്രദ്ധയൂന്നുന്ന അൽ ദൈദ് സർവകലാശാല സ്ഥാപിക്കുന്നത് സംബന്ധിച്ച് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപനം നടത്തിയത്. എമിറേറ്റിൽ നടപ്പാക്കിവരുന്ന ഗോതമ്പ് ഫാം, പച്ചക്കറി ഫാം, ഡയറി ഫാം തുടങ്ങിയ പദ്ധതികൾക്ക് സർവകലാശാലയുടെ കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും സഹായകരമാകും. ലബോറട്ടറികൾ, വിത്ത് ബാങ്ക്, മറ്റു സൗകര്യങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിരുന്നു.
Adjust Story Font
16