ഹൂതി ആക്രമണത്തിന് ഒരുവർഷം; കൂടുതൽ കരുത്തോടെ യു.എ.ഇ
ഭീകരത നേരിടാൻ കരുത്തുണ്ടെന്ന് യു.എ.ഇ
പശ്ചിമേഷ്യയിലാകെ ആശങ്ക പരത്തിയ അബൂദബിയിലെ ഹൂതി ആക്രമണത്തിന് ഒരാണ്ട്. കഴിഞ്ഞ വർഷം ജനുവരി 17നായിരുന്നു അബൂദബി നാഷണൽ ഓയിൽ കമ്പനിയുടെ ടാങ്കറിനും വിമാനത്താവളത്തിന്റെ നിർമാണം നടക്കുന്ന ഭാഗത്തും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടന്നത്.
മൂന്ന് പേർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തെ ലോക രാഷ്ട്രങ്ങൾ ഒന്നടങ്കം അപലപിച്ചിരുന്നു. അബൂദബി വിമാനത്താവളത്തിലെ നിർമാണത്തിലിരിക്കുന്ന ഭാഗത്തെ ആക്രമണത്തിൽ ചെറിയ അഗ്‌നിബാധ മാത്രമാണുണ്ടായത്. സ്ഥിതിഗതികൾ അതിവേഗം അബൂദബി പൊലീസ് നിയന്ത്രണ വിധേയമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയിൽ ആശങ്കയില്ലാത്ത വിധം മുൻകരുതൽ നടപടികളും സ്വീകരിച്ചു. മുസഫ മുഹമ്മദ് ബിൻ സായിദ് സിറ്റിക്ക് സമീപം, ഐകാഡ്-3 മേഖലയിലെ അബൂദബി പെട്രോളിയം കമ്പനിയായ അഡ്‌നോകിന്റെ സ്‌റ്റോറേജിന് സമീപമായിരുന്നു പെട്രോളിയം ടാങ്കറുകൾ പൊട്ടിത്തെറിച്ചത്. ആദ്യം ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് വിലയിരുത്തിയെങ്കിലും പിന്നീട് മിസൈലുകൾ ഇപയോഗിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
ഹൂതികളുടെ ഭീകരാക്രമണത്തെ തുടർന്ന് യു.എ.ഇ കൂടുതൽ കരുത്തുനേടിയതായി യു.എ.ഇ പ്രസിഡൻറിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.
Adjust Story Font
16