ഇന്ത്യൻ കയറ്റുമതി നിയന്ത്രണം; യു.എ.ഇയിൽ സവാള വില കുതിക്കുന്നു
ആറു മടങ്ങോളമാണ് സവാളയുടെ വില വര്‍ധിച്ചത്
ദുബൈ: ഇന്ത്യൻ സർക്കാർ സവാള കയറ്റുമതിക്ക് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയതോടെ യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സവാള വില കുതിച്ചുയരുന്നു. ഏതാണ്ട് ആറു മടങ്ങോളമാണ് വിലവർധന. ഇന്ത്യയിലെ ചെറുകിട വിപണികളിൽ വിലവർധന പിടിച്ചുനിർത്താനായി അടുത്ത മാർച്ച് വരെയാണ് കേന്ദ്ര സർക്കാർ സവാളക്ക് കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര സർക്കാർ തീരുമാനം സവാള കയറ്റുമതിയെയും കാര്യമായി ബാധിച്ചു. വിപണിയിൽ സവാള വില കുത്തനെ കൂടുന്ന സാഹചര്യത്തിൽ ബദൽമാർഗങ്ങൾ ആലോചിച്ചുവരികയാണെന്ന് യു.എ.ഇയിലെ ചെറുകിട വ്യവസായരംഗത്തുള്ളവർ പറഞ്ഞു. തുർക്കി, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യക്ക് ബദലായി യു.എ.ഇയിലേക്ക്സവാള ഇറക്കുമതി ചെയ്യാറ്. ഉപഭോക്താക്കള്‍ ഇന്ത്യൻ സവാളക്കാണ് മുൻഗണന നൽകുന്നത്.
ന്യൂഡൽഹിയിൽ സവാള വില ഗണ്യമായി ഉയർന്നിരുന്നു. ഇതോടെയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് കയറ്റുമതി നയത്തിൽ മാറ്റംവരുത്തിയത്. മാർച്ച് 31 വരെ സവാള കയറ്റുമതിയിൽ നിരോധനം പ്രഖ്യാപിക്കുകയും ചെയ്തു. ഗൾഫിലേയും മറ്റ് ഉപഭൂഖണ്ഡങ്ങളിലേയും അയൽരാജ്യങ്ങളിലേക്ക് സവാള കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് ഇന്ത്യ.
ഈ സാഹചര്യത്തിൽ ഇന്ത്യ എടുക്കുന്ന തീരുമാനങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളെയാണ്. ഈജിപ്ത്, തുർക്കി എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ സവാള ഇറക്കുമതി ചെയ്യാനുള്ള നീക്കമാണ് വ്യാപാരികൾ ആരംഭിച്ചിരിക്കുന്നത്.
Summary: Onion prices skyrocket in UAE after India's export ban
Adjust Story Font
16