എണ്ണവിലയിടിവ്: ഉൽപാദനം കുറക്കാനുള്ള തീരുമാനം കർശനമായി നടപ്പാക്കാൻ ഒപെക് നിർദേശം
ആവശ്യകത കുറഞ്ഞതും അമേരിക്കൻ ഡോളർ കരുത്താർജിച്ചതുമാണ് എണ്ണവിപണിക്ക് പുതിയ തിരിച്ചടിയായത്
ദുബൈ: ആഗോള വിപണിയിൽ എണ്ണവില കുറയുന്ന പ്രവണതക്കിടയിൽ ഉൽപാദനം കുറക്കാനുള്ള തീരുമാനം കർശനമായി നടപ്പാക്കാൻ അംഗരാജ്യങ്ങൾക്ക് ഒപെക് നിർദേശം. ആവശ്യകത കുറഞ്ഞതും അമേരിക്കൻ ഡോളർ കരുത്താർജിച്ചതുമാണ് എണ്ണവിപണിക്ക് പുതിയ തിരിച്ചടിയായി മാറിയത്. ഗൾഫ് രാജ്യങ്ങളിൽ റഷ്യൻ പ്രസിഡൻറ് പുടിൻ നടത്തിയ സന്ദർശനത്തിലും എണ്ണവിപണിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രധാന ചർച്ചയായി.
ഇടക്കാലത്ത് എണ്ണവില കുത്തനെ ഉയർന്നത് സൗദി അറേബ്യ ഉൾപ്പെടെ പ്രധാന ഉൽപാദക രാജ്യങ്ങൾക്ക് അപ്രതീക്ഷിത വരുമാനനേട്ടം ഉറപ്പാക്കാൻ സഹായിച്ചിരുന്നു. എന്നാൽ, പിന്നിട്ട ദിവസങ്ങളിൽ വില കുത്തനെ ഇടിഞ്ഞത് ഉൽപാദക രാജ്യങ്ങൾക്ക് കൂടുതൽ ആശങ്കയേറ്റി. ബാരലിന് 74 ഡോളറിലേക്കാണ് എണ്ണവില ഇടിഞ്ഞത്. വിലയിടിവ് മറികടക്കാൻ അത്ര എളുപ്പമായിരിക്കില്ലെന്നാണ് വിലയിരുത്തൽ. മേഖലയിലെ രാഷ്ട്രീയ, സൈനിക സംഘർഷങ്ങളും വിവിധ രാജ്യങ്ങളിലെ വളർച്ചാ മുരടിപ്പും എണ്ണവിപണിക്ക് തിരിച്ചടിയാണ്. ചൈനയുടെ വളർച്ചാ നിരക്ക് പുതുക്കി നിശ്ചയിച്ച സാമ്പത്തിക ഏജൻസികളുടെ നടപടിയും ആവശ്യകത കുറക്കും.
മെയ് മാസത്തിനിപ്പുറം ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് എണ്ണവില കൂപ്പുകുത്തിയത്. ഒപെകിനൊപ്പം ചേർന്ന് പ്രതിദിന എണ്ണ ഉൽപാദനത്തിൽ ഗണ്യമായ കുറവ് വരുത്താൻ റഷ്യ ഉൾപ്പെടെ ഒപെക് ഇതര രാജ്യങ്ങളും തയാറായിരുന്നു. ലോക സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ഉൽപാദനം കുറക്കുന്ന നടപടി അംഗരാജ്യങ്ങൾ കർശനമായി നടപ്പാക്കും എന്ന പ്രതീക്ഷയിലാണ് ഒപെക് നേതൃതം.
അടുത്ത വർഷം ആദ്യപാദത്തിൽ പ്രതിദിനം 2.2 ദശലക്ഷം ബാരൽ ഉൽപാദനം കുറക്കാനാണ് ഒപെക് നിർദേശം. എണ്ണവില ഇടിയുന്ന പ്രവണത തിരുത്തുന്നതു സംബന്ധിച്ച് യു.എ.ഇ, സൗദി എന്നീ രാജ്യങ്ങളിലെ േനതാക്കളുമായി റഷ്യൻ പ്രസിഡൻറ് പുടിൻ വിശദമായ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. ഈ മാസം ചേരുന്ന ഒപെക് നേതൃയോഗം സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Summary: OPEC has instructed the member countries to strictly implement the decision to cut production amid the trend of falling oil prices in the global market
Adjust Story Font
16