എണ്ണ ഉൽപാദനം കുറക്കാൻ ഒപെക്; ആഗോള വിപണിയിൽ വില ഉയർന്നേക്കും
ഒപെകിനൊപ്പം ഉൽപാദനം കുറക്കാൻ ഒപെക് ഇതര രാജ്യങ്ങളും സന്നദ്ധമായിട്ടുണ്ട്
ദുബൈ: എണ്ണ ഉൽപാദനം ഗണ്യമായി കുറക്കാൻ ഒപെക് രാജ്യങ്ങളുടെ അപ്രതീക്ഷിത തീരുമാനം. പ്രതിദിന ഉൽപാദനത്തിൽ ദശലക്ഷം ബാരലിന്റെ കുറവ് വരുത്താനാണ് നീക്കം. ഉൽപാദനത്തിലെ ഇടിവ് ആഗോള വിപണിയിൽ എണ്ണവില ഉയരാൻ വഴിയൊരുക്കും. ഒപെകിനൊപ്പം ഉൽപാദനം കുറക്കാൻ ഒപെക് ഇതര രാജ്യങ്ങളും സന്നദ്ധമായിട്ടുണ്ട്.
പതിനഞ്ചു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എണ്ണവില കൂപ്പുകുത്തിയതാണ് ഉൽപാദനത്തിൽ അടിയന്തരമായി കുറവ് വരുത്താൻ എണ്ണ ഉൽപാദക രാജ്യങ്ങളെ പ്രേരിപ്പിച്ചത്. ബാരലിന്80 ഡോളറിനു ചുവടെയാണ് നിലവിലെ നിരക്ക്. പ്രതിദിന ഉൽപാദനത്തിൽ ദശലക്ഷം ബാരലിന്റെ കുറവ് വരുന്നതോടെ വിലയിൽ ഗണ്യമായ വർധന ഉണ്ടാകും എന്നാണ് ഒപെക് കണക്കുകൂട്ടൽ.
ഈ വർഷാവസാനം വരെ കുറഞ്ഞ ഉൽപാദനം തുടരാനാണ് ഒപെക് തീരുമാനം. ഉൽപാദനത്തിൽ ഏറ്റവും കൂടുതൽ കുറവ് വരുത്തുക സൗദി അറേബ്യയാണ്. പ്രതിദിനം 5 ലക്ഷം ബാരൽ. യുഎ.ഇ, കുവൈത്ത്, അൾജീരിയ ഉൾപ്പെടെ മറ്റ് ഒപെക് രാജ്യങ്ങളും ഉൽപാദനം കുറക്കുമെന്ന് പ്രഖ്യാപിച്ചു. പ്രതിദിന ഉൽപാദനത്തിൽ ഒരു ലക്ഷത്തി നാൽപത്തി നാലായിരം ബാരൽ കുറവ് വരുത്തുമെന്ന് യു.എ.ഇ അറിയിച്ചു. കുവൈത്ത് പ്രതിദിന ഉൽപാദനത്തിൽ 1,28,000 ബാരൽ കുറവ് വരുത്തും. ഒമാൻ പ്രതിദിനം നാൽപതിനായിരം ബാരൽ കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
റഷ്യയും ഉൽപാദനം കുറക്കും. മാർച്ച് മുതൽ ജൂൺ വരെ പ്രഖ്യാപിച്ച ഉൽപാദനത്തിലെ കുറവ് ഈ വർഷാവസാനം വരെ നീട്ടിയതായി റഷ്യ വ്യക്തമാക്കി. എണ്ണവിപണിയുടെ സുസ്ഥിരത മുൻനിർത്തിയാണ് അടിയന്തര തീരുമാനമെന്ന് ഒപെക്, ഒപെക് ഇതര രാജ്യങ്ങൾ അറിയിച്ചു. ഒപെക് തീരുമാനത്തിൽ അമേരിക്ക ആശങ്ക രേഖപ്പെടുത്തി. ഉൽപാദനം വർധിപ്പിക്കുന്നതിനു പകരം നിഷേധ നിലപാട് സ്വീകരിക്കുന്നത് വിപണിക്ക് ഗുണം ചെയ്യില്ലെന്നാണ് അമേരിക്കയുടെ കുറ്റപ്പെടുത്തൽ.
Adjust Story Font
16