സോമാലിയ ഭീകരാക്രമണം; പരിക്കേറ്റ യു.എ.ഇ സൈനികനെ സന്ദർശിച്ച് പ്രസിഡന്‍റ്
അബൂദബിയിലെ സായിദ് ആശുപത്രിയിലെത്തിയാണ് പ്രസിഡന്‍റ് സന്ദർശിച്ചത്
അബൂദബി: സോമാലിയയിൽ സായുധ സേനക്ക് സൈനിക പരിശീലനം നൽകുന്നതിനിടെയുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ യു.എ.ഇ സൈനികനെ ആശുപത്രിയിൽ സന്ദർശിച്ച് പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ. അബൂദബിയിലെ സായിദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ മുഹമ്മദ്സലിം അൽ നുഐമിയെയാണ് ഞായറാഴ്ച പ്രസിഡന്‍റ് സന്ദർശിച്ചത്.
ക്യാപ്റ്റന്‍റെ സുഖ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ ശൈഖ് മുഹമ്മദ് എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. ക്യാപ്റ്റന്‍റെ ആരോഗ്യ നില സംബന്ധിച്ച് ഡോക്ടർമാർ അദ്ദേഹത്തിന് വിവരിച്ചു നൽകി. രാജ്യത്തിന്‍റെ അന്തസ്സും ബഹുമതിയും ഉയർത്തുന്നതിൽ സായുധ സേനാംഗങ്ങളുടെ അർപ്പണബോധത്തേയും വിശ്വസ്തതയേയും അസാധാരണമായ മനോവീര്യത്തെയും പ്രസിഡന്‍റ് പ്രശംസിച്ചു. തുടർന്ന് അൽപ നേരം ആശുപത്രിയിൽ ചിലവിട്ട ശേഷമാണ് പ്രസിഡന്‍റ് മടങ്ങിയത്.
വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ടിന്‍റെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹംദാൻ ബിൻ തഹ്നൂൻ ആൽ നഹ്യാൻ, യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി ചീഫ്, മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ, സായുധ സേനയിലെ മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. സോമാലിയയിലെ സായുധ സേനക്ക് പരിശീലനം നൽകുന്നതിനിടെയുണ്ടായ ഭീകരാക്രമണത്തിൽ യു.എ.ഇയിലെ നിരവധി സൈനികർ വീരമൃത്യു വരിക്കുകയും നിരവധി പേർക്ക് പരിക്കേൽകുകയും ചെയ്തിരുന്നു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
Adjust Story Font
16