എട്ട് മാസം പ്രായമുള്ള കൺമണിയെ പിതൃദിനത്തിൽ ആദ്യമായി കണ്ട് തടവുകാരൻ; അവസരമൊരുക്കി റാസൽഖൈമ പൊലീസ്
'അദർ പീപ്പിൾ' എന്ന മാനുഷിക സംരംഭത്തിന്റെ ഭാഗമായാണ് ജൂൺ 21ന് തടവുകാരന് കുടുംബവുമായി ഒരുമിച്ചിരിക്കാൻ അനുമതി നൽകിയത്
റാസൽഖൈമ: എട്ട് മാസം പ്രായമുള്ള കൺമണിയെ ലോക പിതൃദിനത്തിൽ ആദ്യമായി കണ്ട് തടവുകാരൻ. റാസൽഖൈമ പൊലീസാണ് ഈ അപൂർവ അവസരമൊരുക്കിയത്. കഴിഞ്ഞ വർഷം റാസൽഖൈമ പൊലീസിൽ പീനൽ ആൻഡ് റിഫോം ഫൗണ്ടേഷൻ ആരംഭിച്ച 'അദർ പീപ്പിൾ' എന്ന മാനുഷിക സംരംഭത്തിന്റെ ഭാഗമായാണ് ജൂൺ 21ന് തടവുകാരന് കുടുംബവുമായി ഒരുമിച്ചിരിക്കാൻ അനുമതി നൽകിയത്. താൻ ജയിൽ ശിക്ഷ അനുഭവിക്കുമ്പോൾ ജനിച്ച എട്ട് മാസം പ്രായമുള്ള മകനെ കാണാൻ തടവുകാരന് ഇതോടെ അവസരമൊരുങ്ങുകയായിരുന്നു.
റാസൽഖൈമ പൊലീസ് കമാൻഡർ ഇൻ ചീഫ് ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നഈമിയുടെയും നിർദേശപ്രകാരവും ഡെപ്യൂട്ടി കമാൻഡർ-ഇൻ-ലോ കേണൽ ജമാൽ അഹമ്മദ് അൽതയറിന്റെ മേൽനോട്ടത്തിലുമാണ് നടപടിയെന്ന് റാസൽഖൈമ പൊലീസിലെ പീനൽ ആൻഡ് റിഫോർമേറ്റീവ് ഫൗണ്ടേഷന്റെ മാനേജ്മെന്റ് ഡയറക്ടർ കേണൽ അബ്ദുല്ല അൽഹൈമർ പറഞ്ഞു. തടവുകാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, തടവുകാരും കുടുംബങ്ങളും തമ്മിലുള്ള ആശയവിനിമയവും കുടുംബബന്ധങ്ങളും ശക്തിപ്പെടുത്തുക എന്നിവയുടെ ഭാഗമായാണ് നടപടി. 'ഒദർ പാരന്റ്‌സ്' എന്ന സംരംഭത്തിന്റെ കീഴിൽ, ഫൗണ്ടേഷൻ ഭാര്യയും ചെറിയ രണ്ട് പെൺകുട്ടികളും ഒരു കുഞ്ഞും അടങ്ങുന്ന കുടുംബത്തെ സ്വീകരിക്കാൻ ആവശ്യമായ നടപടികൾ എടുക്കുകയായിരുന്നെന്നും കേണൽ അബ്ദുല്ല അൽഹൈമർ പറഞ്ഞു.
പീനൽ ആൻഡ് റിഫോർമേറ്റീവ് ഫൗണ്ടേഷന്റെ ഇത്തരം സംരംഭങ്ങൾ തടവുകാരുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും അവരുടെ പെരുമാറ്റത്തെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. നല്ല പാതിയുമായി കൂടിക്കാഴ്ചക്ക് അവസരം നൽകിയതിന് പീനൽ ആൻഡ് റിഫോർമൽ ഇൻസ്റ്റിറ്റിയൂഷന് തടവുകാരന്റെ ഭാര്യ നന്ദി അറിയിച്ചു.
Adjust Story Font
16