അജ്മാനിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ ആർ.വി അലി മുസ്‌ലിയാർ നിര്യാതനായി
മലയാളിയും അജ്മാനിലെ പ്രമുഖ മുസ്‌ലിം പണ്ഡിതനുമായ ആർ.വി അലി മുസ്‌ലിയാർ നിര്യാതനായി. നാല് പതിറ്റാണ്ടിലേറെയായി അജ്മാൻ ഔഖാഫിലും പ്രവാസ ലോകത്തെ ആത്മീയ വേദികളിലും നിറ സാനിധ്യമായിരുന്നു അലി മുസ്‌ലിയാർ തൃശൂർ കേച്ചേരി സ്വദേശിയായിരുന്നു.
78 വയസായിരുന്നു. 1977ൽ കപ്പൽ മാർഗമാണ് അലി മുസ്ലിയാർ യു.എ.ഇയിൽ എത്തുന്നത്. അജ്മാനിലെ നാസർ സുവൈദി മദ്രസയുടെയും ഇമാം നവവി മദ്രസയുടെയും രക്ഷാധികാരിയാണ്.
തൃശൂർ ജില്ലാ അജ്മാൻ കെ.എം.സി.സി പ്രസിഡന്റ് ആയും അജ്മാൻ സ്റ്റേറ്റ് കെ.എം.സി.സി വൈസ് പ്രെസിഡന്റായും മത കാര്യങ്ങളിൽ ഉപദേശകനായും പ്രവർത്തിച്ചിരുന്നു. സമസ്തയുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങളിലും പ്രവർത്തനങ്ങളിലും മുന്നിലുണ്ടായിരുന്ന വ്യക്തിത്വമാണ് അലി മുസ്‌ലിയാർ. ഇമാറാത്തിലെ പ്രവാസികളുടെ ആത്മീയ ഉപദേഷ്ടാവും ദുആ മജ്‌ലിസുകളിലെ മുഖ്യ സാനിധ്യവുമായിരുന്ന അദ്ദേഹം, ഔഖാഫ് പ്രതിനിധികളുടെയും ഇഷ്ടക്കാരനായിരുന്നു. മത-സാംസ്‌കാരിക-സംഘടനാ രംഗങ്ങളിൽ നിരവധി പദവികൾ വഹിച്ചിരുന്നു. 45 വർഷത്തെ പ്രവാസ ജീവിതം നയിച്ച അദ്ദേഹം 1981 മുതൽ 2022 ഡിസംബർ വരെയാണ് ഔഖാഫിൽ ഇമാമായി ജോലി ചെയ്തത്.
യു.എ.ഇ വാഫി അലുംനി വർക്കിങ് സെക്രട്ടറി ഫുളൈൽ വാഫി അബൂദബി, ഉനൈസ്(എമിറേറ്റ്‌സ് എയർലൈൻ), നിയാസ്(അബൂദബി ഹെൽത്ത് ടിപ്പാർട്ടമെന്റ്), റഫീദ, റഹീല എന്നിവർ മക്കളാണ്. ഭാര്യ; മറിയം. മയ്യത്ത് നിസ്‌ക്കാരം ഇന്ന് ളുഹ്ർ നിസ്‌ക്കാരാനന്തരം അജ്മാൻ ജർഫ് ഖബർ സ്ഥാനിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Adjust Story Font
16