Quantcast

ഇറാഖ് പാർലമെന്റ് പ്രക്ഷോഭകർ വീണ്ടും കൈയേറി

സമവായ നീക്കത്തിലൂടെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം തേടണമെന്ന് യു.എൻ സെക്രട്ടറി ജനറൽ നിർദേശിച്ചു.

MediaOne Logo

Web Desk

  • Published:

    30 July 2022 6:17 PM GMT

ഇറാഖ് പാർലമെന്റ് പ്രക്ഷോഭകർ വീണ്ടും കൈയേറി
X

ഇറാഖ് പാർലമെന്റ് മന്ദിരം പ്രക്ഷോഭകർ വീണ്ടും കൈയേറി. രണ്ടാം തവണയാണ് പ്രക്ഷോഭകർ ബാഗ്ദാദിലെ പാർലമെൻറ് കെട്ടിടത്തിലേക്ക് ഇരച്ചു കയറുന്നത്. പ്രക്ഷോഭകരും സുരക്ഷാ വിഭാഗവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 125 പേർക്ക് പരിക്കേറ്റു.

ശിയ നേതാവ് മുഖ്തദ അൽ സദ്‌റിന്റെ അനുകൂലികളാണ് വീണ്ടും പാർലമെന്റിലേക്ക് ഇരച്ചുകയറിയത്. പ്രക്ഷോഭകരെ നേരിടാൻ സുരക്ഷാ വിഭാഗം കണ്ണീർവാതക ഷെല്ലുകളും മറ്റും പ്രയോഗിച്ചു. നൂറിലേറെ പ്രക്ഷോഭകർക്കും 25 സുരക്ഷാ സേനാംഗങ്ങൾക്കും അക്രമ സംഭവങ്ങളിൽ പരിക്കേറ്റു. പുതിയ സർക്കാർ രൂപവത്കരണത്തിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി മുഹമ്മദ് ശിയാ അൽ സുഡാനിയെ ഇറാൻ അനുകൂല ശിയാ സഖ്യം നിർദേശിച്ചിരുന്നു. എന്തൊക്കെ എതിർപ്പുകൾ ഉണ്ടായാലും സുഡാനിയെ മാറ്റുന്ന പ്രശ്‌നമില്ലെന്ന ശിയാ സഖ്യത്തിന്റെ നിലപാടാണ് സദ്ർ വിഭാഗത്തെ വീണ്ടും പ്രക്ഷോഭത്തിനിറങ്ങാൻ പ്രേരിപ്പിച്ചത്. ഇടക്കാല സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളോടുള്ള എതിർപ്പും പ്രക്ഷോഭത്തിന്കാരണമാണെന്ന് സദ്ർ അനുകൂലികൾ പറഞ്ഞു.

ഇറാഖിന്റെ പൊതു താൽപര്യത്തിന് നിരക്കാത്ത പ്രക്ഷോഭ പരിപാടികൾ അംഗീകരിക്കാനാവില്ലെന്ന് മുൻ പ്രധാനമന്ത്രി നൂരി അൽ മാലികി പറഞ്ഞു. സമവായ നീക്കത്തിലൂടെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം തേടണമെന്ന് യു.എൻ സെക്രട്ടറി ജനറൽ നിർദേശിച്ചു.

കഴിഞ്ഞ ദിവസം രാത്രി രാത്രിയിൽ ഇറാഖ് പാർലമെൻറ് കെട്ടിടത്തിലേക്ക് ഇരച്ചുകയറിയത് വലിയ സംഘർഷത്തിന് ഇടയാക്കിയിരുന്നു. രാത്രി വൈകി മുക്തദ അൽ സദ്‌റിന്റെ ആഹ്വാനത്തെ തുടർന്നാണ് പ്രക്ഷോഭകർ ബാഗ്ദാദിൽ നിന്ന് മടങ്ങിയത്.

സർക്കാർ ഓഫീസുകളും നയതന്ത്ര കേന്ദ്രങ്ങളും നിലകൊള്ളുന്ന ബഗ്ദാദിലെ ഗ്രീൻ സോൺ പ്രദേശത്തേക്ക് വീണ്ടും പ്രക്ഷോഭം പടർന്നത് വലിയ ആശങ്കയോടെയാണ് അമേരിക്ക ഉൾപ്പെടെ ലോക രാജ്യങ്ങളും നോക്കി കാണുന്നത്. ഒമ്പതു മാസമായിട്ടും രാഷ്ട്രീയ ഭിന്നത കാരണം ഇറാഖിലെ പുതിയ സർക്കാർ രൂപവത്കരണം എങ്ങുമെത്തിയിട്ടില്ല. രാഷ്ട്രീയ അസ്ഥിരതക്കു പുറമെ തൊഴിലില്ലായ്മയും വിലക്കയറ്റവും ഇറാഖിൽ രൂക്ഷമായതും രാഷ്ട്രീയ പ്രതിസന്ധി മൂർഛിക്കാൻ ഇടയാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ തുടർന്ന് സ്വന്തമായി സർക്കാർ രൂപവത്കരിക്കുന്നതിൽ പരാജയപ്പെട്ട മുഖ്തദ അൽ സദ്ർ പാർലമെന്റിലെ തന്റെ 74 അംഗങ്ങളെയും കഴിഞ്ഞ മാസം പിൻവലിച്ചിരുന്നു.

TAGS :

Next Story