യു.എ.ഇയിൽ മഴയും കാറ്റും: അസ്ഥിര കാലാവസ്ഥ തുടരും
കടൽതീരത്ത് നിന്ന് മാറി നിൽക്കണമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പൊലീസ്
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് പരക്കെ മഴ ലഭിച്ചു. വെള്ളിയാഴ്ച വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. കടൽതീരത്ത് നിന്ന് മാറി നിൽക്കണമെന്നും വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും പൊലീസ് നിർദേശം നൽകി.
ദുബൈയിൽ മിക്ക ഭാഗങ്ങളിലും ഇന്ന് രാവിലെ മുതൽ മൂടിക്കെട്ടിയ സാഹചര്യമാണുണ്ടായിരുന്നത്. ഉച്ചയോടെ ദേര, ഹത്ത, ബർദുബൈ തുടങ്ങി പലയിടങ്ങളിലും ഇടിമിന്നലോടൊപ്പം മഴ ലഭിച്ചു. ലഹ്ബാബ്, മർഗാം എന്നീ സ്ഥലങ്ങളിൽ ആലിപ്പഴ വർഷമുണ്ടായി. ഷാർജയടക്കം വടക്കൻ എമിറേറ്റുകളിലും അബൂദബിയിലെ ചില ഭാഗങ്ങളിലും മഴ ലഭിച്ചിട്ടുണ്ട്.
ഷാർജയിൽ ഊദ് അൽ മുതീന, കോർണിഷ്, മലീഹ, അൽ ഖാൻ എന്നീ സ്ഥലങ്ങളിലാണ് മഴ ലഭിച്ചത്. അബൂദബി സിറ്റിയുടെ ചില ഭാഗങ്ങളിലും അൽഐനിലും മഴ രേഖപ്പെടുത്തി. അടുത്ത ദിവസങ്ങളിലും മഴയും കാറ്റും തുടരും. അന്തരീക്ഷോഷ്മാവ് 12 ഡിഗ്രി സെഷ്യസോളം കുറയും. വ്യാഴം, വെള്ള ദിവസങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ അമ്പത് കിലോമീറ്ററായി വർധിക്കും. കാലാവസ്ഥാ മാറ്റത്തിൽ ജാഗ്രതവേണമെന്ന് പൊലീസ് ഫോണുകളിലേക്ക് ഇന്ന് അടിയന്തര സന്ദേശവും അയച്ചിരുന്നു.
Adjust Story Font
16