Quantcast

മഴക്കെടുതി; ദുബൈയിലേക്ക് വരുന്ന വിമാനങ്ങൾക്ക് 48 മണിക്കൂർ നിയന്ത്രണം

ദുബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല

MediaOne Logo

Web Desk

  • Published:

    19 April 2024 4:17 PM GMT

rainstorm 48-hour restriction on incoming flights to Dubai
X

ദുബൈയിലേക്ക് വരുന്ന വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മഴക്കെടുതിയിൽ വിമാനത്താവളത്തിലുണ്ടായ തകരാർ പരിഹരിക്കാൻ 48 മണിക്കൂറാണ് നിയന്ത്രണം. ഏപ്രിൽ 19 ഉച്ച 12 മുതൽ 48 മണിക്കൂറാണ് ദുബൈ വിമാനത്താവളത്തിലേക്ക് വരുന്ന വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ദുബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾക്ക് ഇത് ബാധകമല്ല. മഴയുടെ പ്രത്യാഘാതങ്ങൾ മറികടക്കാനുള്ള നടപടികളുടെ ഭാഗമായാണ് വരുന്ന വിമാനങ്ങളെ നിയന്ത്രിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

അതേസമയം, ദുബൈയിലേക്കുള്ള വിമാനസർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. ഈ മാസം 21 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സൗജന്യമായി മറ്റൊരു ദിവസത്തെ യാത്രക്ക് ടിക്കറ്റ് നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഈ മാസം 30 വരെ ഇസ്രായേൽ സർവീസും എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. എന്നാൽ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളെ ഇത് ബാധിക്കില്ല.

മഴക്കെടുതിയിൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം അവതാളത്തിലായ സാഹചര്യത്തിലാണ് ദുബൈ സർവീസുകൾ നിർത്തിവെക്കുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. കേരളത്തിൽ കൊച്ചിയിൽ നിന്ന് മാത്രമാണ് ദുബൈയിലേക്ക് എയർ ഇന്ത്യ സർവീസുള്ളത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് കേരളത്തിൽ നിന്ന് ദുബൈയിലെത്തുന്നത്. എന്നാൽ ഡൽഹി മുംബൈ നഗരങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കുന്നത് തിരിച്ചടിയാകും.

സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചില ദുബൈ സർവീസുകൾ ഫുജൈറ വിമാനത്താവളത്തിലേക്ക് മാറ്റി. ഡൽഹി, അഹമ്മദാബാദ്, പൂണെ, മുംബൈ വിമാനങ്ങളാണ് ഫുജൈറയിൽ നിന്ന് സർവീസ് നടത്തുക. യാത്ര തടസപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യക്കാർ ദുബൈയിലേക്കും, ദുബൈ വഴിയുള്ള അത്യാവശ്യമില്ലാത്ത യാത്രകളും മാറ്റിവെക്കണമെന്ന് അബൂദബിയിലെ ഇന്ത്യൻ എംബസി നിർദേശിച്ചു.

TAGS :

Next Story