തലൈവർ ഇനി അബൂദബിക്കാരൻ; രജനികാന്തിന് ഗോൾഡൻ വിസ
അബൂദബിയിലേക്കുള്ള കന്നിയാത്രയിൽ വിസ
അബൂദബി: ആരാധകരുടെ തലൈവർ ഇനി അബൂദബിക്കാരൻ. സൂപ്പർസ്റ്റാർ രജനീകാന്തിന് അബൂദബി സർക്കാറിന്റെ പത്തുവർഷത്തെ ഗോൾഡൻ വിസ. അബൂദബിയിലേക്കുള്ള കന്നിയാത്രയിൽ തന്നെ ഗോൾഡൻവിസയും സ്വന്തമാക്കിയാണ് ദളപതിയുടെ മടക്കം.
സിനിമയിലെ പോലെ തന്നെ ഒരു മാസ് എൻട്രിയായാണ് അബൂദബി സാംസ്‌കാരിക മന്ത്രാലയത്തിലേക്ക് താരം എത്തിയത്. ഒരു തടവ് ശൊന്നാ അത് നൂറ് തടവ് ശൊന്ന മാതിരി എന്ന തലൈവരുടെ ഡയലോഗ് മാതിരി ആദ്യവരവിൽ തന്നെ പത്ത് വർഷം ഇനി എത്ര തടവ് വേണമെങ്കിൽ യു.എ.ഇയിൽ വരാവുന്ന ഗോൾഡൻ വിസ സ്വന്തമാക്കുകയായിരുന്നു. സാംസ്‌കാരിക വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ മുബാറക്ക് വിസ കൈമാറി. അബൂദബിയിലേക്കുള്ള ആദ്യവരവിൽ തന്നെ നേട്ടം സാധ്യമാക്കിയതിന്റെ ക്രെഡിറ്റ് മുഴുവൻ തലൈവർ ലുലു ചെയർമാൻ എം.എ. യൂസഫലിക്ക് നൽകി.
ഗോൾഡൻ വിസയും പാസ്‌പോർട്ടിൽ പതിച്ച് യു.എ.ഇ സഹിഷ്ണുതാ കാര്യമന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക്ക് ആൽനഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ആരാധകരുടെ സ്‌റ്റൈൽമന്നൻ അവിടെ നിന്ന് നേരെ അബൂദബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിൽ ദർശനം നടത്തി. പിന്നീട് അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിലും രജനിയെത്തി. പുതിയ ചിത്രമായ വെട്ടിയാന്റെ ഷൂട്ട് പൂർത്തിയാക്കിയാണ് തലൈവർ അബൂദബിയിലെത്തിയത്.
Adjust Story Font
16