ദുബൈ നഗരത്തിലെ നാല് പരമ്പരാഗത അബ്ര സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയായി
ദുബൈ ക്രീക്കിന് സമീപത്തെ നാല് സ്റ്റേഷനുകളാണ് അറ്റകുറ്റപണി നടത്തി നവീകരിച്ചത്
ദുബൈ: ദുബൈ നഗരത്തിലെ നാല് പരമ്പരാഗത അബ്ര സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയായതായി ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ദുബൈ ക്രീക്കിന് സമീപത്തെ നാല് സ്റ്റേഷനുകളാണ് അറ്റകുറ്റപണി നടത്തി നവീകരിച്ചത്.
ദുബൈ നഗരത്തിൽ ദേരക്കും, ബർദുബൈക്കുമിടയിൽ ക്രീക്കിലൂടെ യാത്രക്കാരെ കൊണ്ടുപോകുന്ന പരമ്പരാഗത കടത്ത് ബോട്ട് സർവീസാണ് അബ്രകൾ. വർഷം ലക്ഷണക്കിന് പേർ ഉപയോഗിക്കുന്ന അബ്രാ സേവനം കൂടുതൽ സൗകര്യപ്രദമാക്കാൻ ലക്ഷ്യമിട്ടാണ് സ്റ്റേഷനുകൾ നവീകരിച്ചതെന്ന് ദുബൈ ആർ.ടി.എ ചെയർമാൻ മതാർ അൽതായർ പറഞ്ഞു.
ബർദുബൈ മോഡൽ സ്റ്റേഷൻ, ദേര ഓൾഡ് സൂഖ് സ്റ്റേഷൻ, ദുബൈ ഓൾഡ് സൂഖ് സ്റ്റേഷൻ, സബ്ഖ സ്റ്റേഷൻ എന്നിവയാണ് നവീകരിച്ചത്. ഇതിൽ ബർദുബൈ സ്റ്റേഷന്റെ ശേഷി 33 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. ഈ സ്റ്റേഷന്റെ ചരിത്രപരവും സാംസ്‌കാരികവുമായ അടയാളങ്ങൾ നിലനിർത്തിയാണ് നവീകരണ ജോലികൾ പൂർത്തിയാക്കിയത്. ഒപ്പം ഭിന്നശേഷിക്കാരുടെ സൗകര്യത്തിനായി ദുബൈ യൂനിവേഴ്‌സൽ ഡിസൈൻ കോഡ്‌സും നിർമാണത്തിൽ പാലിച്ചിട്ടുണ്ട്.
സ്റ്റേഷനുകളുടെ സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളും മെച്ചപ്പെടുത്തി. വർഷം 140 ലക്ഷം യാത്രക്കാർ പരമ്പരാഗത അബ്രകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ദുബൈ വാട്ടർ കനാലും, ക്രീക്കും സമുദ്രതീരം വഴി ബന്ധിപ്പിച്ചതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടൽമാർഗം സഞ്ചരിക്കുന്നവരുടെ എണ്ണം വർധിച്ചുവെന്ന് ആർ ടി എ ചൂണ്ടിക്കാട്ടി.
Adjust Story Font
16