Quantcast

മൃതദേഹം നാട്ടിലെത്തിക്കൽ: ചൂഷണം തടയാൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റ്

രേഖകൾ റദ്ദാക്കാൻ രക്തബന്ധുക്കൾക്ക് മാത്രം അനുമതി

MediaOne Logo

Web Desk

  • Published:

    24 Nov 2024 4:46 PM GMT

Repatriation of bodies of expatriates: Dubai Indian consulate with strict norms to prevent exploitation
X

ദുബൈ: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ മറവിൽ നടക്കുന്ന ചൂഷണം തടയാൻ കർശന മാനദണ്ഡങ്ങളുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. പുതിയ നിയമപ്രകാരം രക്തബന്ധുക്കൾക്ക് മാത്രമേ മരിച്ചവരുടെ രേഖകൾ റദ്ദാക്കാനും രേഖകളിൽ ഒപ്പിടാനും സാധിക്കൂ. ഏജന്റുമാരുടെ ചൂഷണം തടയാൻ കൂടുതൽ നടപടികൾ ആവശ്യമാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

രണ്ട് സുപ്രധാന നിർദേശങ്ങളാണ് പുതിയ നിയമത്തിലുള്ളത്. മരിച്ചവരുടെ പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ റദ്ദാക്കാൻ ഇനി അവരുടെ രക്തബന്ധുക്കൾക്കും കുടുംബം പവർ ഓഫ് അറ്റോർണി നൽകിയവർക്കും മാത്രമേ അനുമതിയുണ്ടാകൂ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയതിന്റെ ചെലവുകൾക്ക് ഇന്ത്യൻ കോൺസുലേറ്റിൽനിന്ന് പണം അനുവദിക്കാൻ പഞ്ചായത്ത് ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് വ്യത്യസ്ത അതോറിറ്റികളിൽ നിന്നുള്ള അനുമതി വേണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു.

മരിച്ച പ്രവാസികളുടെ കുടുംബങ്ങളെ ഏജന്റുമാർ ചൂഷണം ചെയ്ത നിരവധി കേസുകൾ ശ്രദ്ധയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കോൺസുലേറ്റിന്റെ നടപടി. പുതിയ ചട്ടങ്ങൾ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ വൈകിക്കുമോ എന്ന ആശങ്കയുണ്ടെങ്കിലും ചൂഷണം തടയാൻ ഇത്തരം കടുത്ത നടപടികൾ ആവശ്യമാണെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. മൃതദേഹം കൈകാര്യം ചെയ്യുന്നതിൽ വിമാനകമ്പനികളും അവരുടെ ഏജന്റുമാരും നടത്തുന്ന വെട്ടിപ്പും തടയണമെന്ന് സാമൂഹിക പ്രവർത്തകൻ അഡ്വ. ഈസ അനീസ് പ്രതീകരിച്ചു.

കോൺസുലേറ്റ് അംഗീകരിച്ച നിരക്കുകൾ അല്ലാതെ അമിത തുക ഈടാക്കുന്ന ഏജൻറുമാർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കോൺസുലേറ്റ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. കുടുംബം പവർ ഓഫ് അറ്റോർണി നൽകിയ വ്യക്തികൾക്ക് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്നും കോൺസുലേറ്റ് വ്യക്തമാക്കി. എല്ലാ എമിറേറ്റുകളിലുമുള്ള സാമൂഹിക സംഘടനകളുടെ പാനൽ കോൺസുലേറ്റിനുണ്ട്. അവർ സൗജന്യമായി കുടുംബങ്ങൾക്ക് ഈ സേവനങ്ങൾ നൽകുന്നുണ്ടെന്നും ഏത് സഹായത്തിനും കോൺസുലേറ്റുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

TAGS :

Next Story