ദുബൈ-ഷാർജ തിരക്ക് കുറക്കാൻ റോഡ് വികസനം; 37.4 കോടി ദിർഹത്തിന്റെ പദ്ധതി
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ജബൽ അലി തുറമുഖ ദിശയിലേക്ക് പോകുന്ന അൽ യലായിസ് റോഡിലേക്കുള്ള യാത്രാ സമയത്തിലും കാര്യമായ കുറവുണ്ടാകും
ദുബൈയിൽ 37.4 കോടി ദിർഹത്തിന്റെ റോഡ് വികസനപദ്ധതിക്ക് ആർ.ടി.എയുടെ അനുമതി. ശൈഖ് സായിദ് റോഡിനും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ഇടയിൽ ഗതാഗതം കൂടുതൽ സുഗമാക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. ഇതുവഴി ദുബൈയിൽ നിന്ന് ഷാർജയിലേക്കുള്ള തിരക്ക് ഗണ്യമായി കുറയും.
ഗർന് അൽ സബ്ക സ്ട്രീറ്റ്-ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ടാണ് ആർ.ടി.എ കരാർ നൽകിയത്. രണ്ട് വരിയുള്ള നാല് പാലങ്ങൾ വികസന ഭാഗമായി നിർമിക്കും. പദ്ധതി പൂർത്തിയാവുന്നതോടെ ഷാർജയിലേക്കുള്ള യാത്ര സമയം 40 ശതമാനം വരെ കുറയും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ജബൽ അലി തുറമുഖ ദിശയിലേക്ക് പോകുന്ന അൽ യലായിസ് റോഡിലേക്കുള്ള യാത്രാ സമയത്തിലും കാര്യമായ കുറവുണ്ടാകും.
ഗർന് അൽ സബ്ക സ്ട്രീറ്റ് ഇടനാഴി വികസന സംരംഭത്തിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി. നാല് പാലങ്ങളിലായി മണിക്കൂറിൽ 17,600 വാഹനങ്ങൾക്ക് കടന്ന്പോകാനാകും. അൽ സായൽ സ്ട്രീറ്റ്, ഗർന് അൽ സബ്ക സ്ട്രീറ്റ് ജംഗഷ്നിലാണ് 960 മീറ്റർ നീളമുള്ള ആദ്യ പാലം. രണ്ട്വരിയുള്ള ഈ പാലത്തിലൂടെ രണ്ട് ദിശയിലേക്കും മണിക്കൂറിൽ 8,000 വാഹനങ്ങൾക്ക് കടന്നുപോകാനാകും. തിരക്കേറിയ ശൈഖ് സായിദ് റോഡിലും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും ഗതാഗതം എളുപ്പമാകും. ഗർന് അൽ സബ്ക സ്ട്രീറ്റിൽ നിന്ന് ഖിസൈസിലേക്കും ഷാർജയിലേയ്ക്കും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കും പോകുന്ന വാഹനങ്ങളുടെ യാത്ര എളുപ്പമാക്കുന്ന 660 മീറ്റർ നീളമുള്ള പാലമാണ് രണ്ടാമത്തേത്.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് അൽ യലായിസ് റോഡിലേക്കുളള വാഹനത്തിരക്ക് കുറക്കുന്ന 700 മീറ്റർ നീളമുള്ളതാണ് മൂന്നാമത്തെ പാലം.. 680 മീറ്റർ നീളമുള്ള നാലാമത്തെ പാലം ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ദുബൈ പ്രൊഡക്ഷൻ സിറ്റിയിലേക്കുള്ള സർവിസ് റോഡിലെ ഗതാഗത തിരക്ക് ഒഴിവാക്കാനും സഹായിക്കും.
Adjust Story Font
16