Quantcast

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ

ഇൻഫിനിറ്റി ബ്രിഡ്ജിനെ ശൈഖ് റാഷിദ് റോഡിലേക്ക് ബന്ധിപ്പിക്കുന്ന പാലമാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്

MediaOne Logo

Web Desk

  • Published:

    23 March 2025 4:30 PM

RTA opens new bridge in Dubai
X

ദുബൈ: ദുബൈ നഗരത്തിൽ പുതിയ പാലം തുറന്ന് റോഡ് ഗതാഗത അതോറിറ്റി. ഇൻഫിനിറ്റി ബ്രിഡ്ജിനെ ശൈഖ് റാഷിദ് റോഡിലേക്ക് ബന്ധിപ്പിക്കുന്ന പാലമാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. അൽ ഷിൻദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമാണ് പുതിയ പാലം.

ഇൻഫിനിറ്റി ബ്രിഡ്ജിൽ നിന്ന് അൽ മിന സ്ട്രീറ്റ് വഴി ശൈഖ് റാഷിദ് റോഡിലേക്കും ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് ഇന്റർസെക്ഷനിലേക്കുമുള്ള പാലമാണ് ഞായറാഴ്ച തുറന്നു കൊടുത്തത്. 1.2 കിലോമീറ്റർ നീളമുള്ള മൂന്നു വരിപ്പാലത്തിലൂടെ മണിക്കൂറിൽ 4800 വാഹനങ്ങൾക്ക് യാത്ര ചെയ്യാനാകും.

അൽ ഷിൻദഗ ഇടനാഴി വികസന പദ്ധതിയുടെ നാലാംഘട്ടത്തിലെ പ്രധാന പാലമാണിത്. പാലത്തിനൊപ്പം ശൈഖ് റാഷിദ് റോഡിലും അൽ മിന സ്ട്രീറ്റിലും രണ്ട് കാൽനടപ്പാലങ്ങളുടെ നിർമാണം കൂടി വൈകാതെ പൂർത്തിയാകും.

ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് ഇന്റർസെക്ഷനിൽ നിന്ന് അൽ മിന സ്ട്രീറ്റിലെ ഫാൽക്കൺ ഇന്റർചേഞ്ച് വരെ 4.8 കിലോമീറ്റർ ദൈർഘ്യമുള്ള വികസനമാണ് ഇടനാഴി വികസന പദ്ധതിയുടെ നാലാം ഘട്ടത്തിലുള്ളത്. ആകെ മൂന്നു പാലങ്ങളാണ് പദ്ധതിയിലുള്ളത്. ഇവയുടെ നിർമാണം പൂർത്തിയാകുന്നതോടെ എല്ലാ ലൈനുകളിലുമായി മണിക്കൂറിൽ 19,400 വാഹനങ്ങളെ ഉൾക്കൊള്ളാനാകും.

ട്രാഫിക് പരമാവധി കുറച്ച് നഗരയാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർടിഎ അൽ ഷിൻദഗ ഇടനാഴി വികസന പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. പദ്ധതി പൂർത്തിയാകുന്നതോടെ, നേരത്തെ 104 മിനിറ്റെടുത്തിരുന്ന യാത്ര വെറും 16 മിനിട്ടു കൊണ്ട് സാധ്യമാകും എന്നാണ് ആർടിഎ പറയുന്നത്.

TAGS :

Next Story