Quantcast

'യു.എ.ഇയുടെ ദ്വീപുകൾ ഇറാൻ കൈമാറണം'; പിന്തുണച്ച്​ റഷ്യ

ഗ്രേറ്റർ, ലെസർ, അബൂ മൂസ എന്നീ മൂന്ന്​ ദ്വീപുകളാണ്​ ഇറാൻ കൈയടക്കിവച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    13 July 2023 8:24 PM GMT

Russia supports the UAEs demand to release its three islands under the control of Iran, Russia supports the UAE in islands under Iran
X

ദുബൈ: ഇറാന്‍റെ അധീനതയിലുള്ള തങ്ങളുടെ മൂന്ന്​ ദ്വീപുകൾ വിട്ടുകിട്ടണമെന്ന യു.എ.ഇയുടെ ആവശ്യത്തെ പിന്തുണച്ച്​ റഷ്യ. സമാധാനപരമായ ചർച്ചകളിലൂടെ ദ്വീപുകളുടെ ഉടമസ്​ഥാവകാശം സംബന്ധിച്ച്​ നടപടി സ്വീകരിക്കണമെന്ന്​ കഴിഞ്ഞ ദിവസം മോസ്​കോയിൽ ചേർന്ന ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ യോഗ തീരുമാന​ത്തെ റഷ്യ പിന്തുണക്കുകയായിരുന്നു. എന്നാൽ, റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി ഇറാൻ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.

ഗ്രേറ്റർ, ലെസർ, അബൂ മൂസ എന്നീ മൂന്ന്​ ദ്വീപുകളാണ്​ ഇറാൻ കൈയടക്കിവച്ചിരിക്കുന്നത്​. യു.എ.ഇയുടെ ഭാഗമായ ഇവ തിരികെ ലഭിക്കണമെന്ന്​ ജി.സി.സി, അറബ്​ രാജ്യങ്ങൾ ഇറാനോട്​ ആവശ്യപ്പെട്ടു വരികയാണ്​. എല്ലാ ജി.സി.സി ഉച്ചകോടികളിലും ഈ ആവശ്യം ഉയരാറുണ്ട്​. ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും യു.എ.ഇയുടെ ദ്വീപുകൾ അവർക്കു തന്നെ തിരികെ ലഭിക്കണമെന്ന നിലപാടിലുമാണ്​. ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന റഷ്യയും യു.എ.ഇ ആവശ്യത്തെ പിന്തുണച്ചു രംഗത്തുവന്നത്​ ജി.സിസി രാജ്യങ്ങളുടെ മുഴുവൻ രാഷ്​ട്രീയ വിജയമാണ്​.

എന്നാൽ, റഷ്യ നിലപാട്​ ഉടൻ തിരുത്തണമെന്ന്​ ഇറാൻ വിദേശകാര്യ വക്​താവ്​ നാസർ കനാനി ആവശ്യപ്പെട്ടു. തങ്ങളുടെ ആഭ്യന്തര കാര്യത്തിലുള്ള റഷ്യൻ ഇടപെടലാണിതെന്നാണ്​ ഇറാ​ന്‍റെ കുറ്റപ്പെടുത്തൽ. അന്താരാഷ്​ട്ര നീതിന്യായ കോടതിയുടെ തീർപ്പിനും ലോകചട്ടങ്ങൾക്കും അനുസൃതമായി ദ്വീപുകളുടെ ഉടമസ്​ഥാവകാശം ലഭിക്കണമെന്ന ഉറച്ച നലപാടിലാണ്​ യു.എ.ഇ.

ബ്രിട്ടീഷ്​ അധിനിവേശം അവസാനിച്ചതോടെ 1971ൽ ​സൈന്യത്തെ അയച്ച്​ ഇറാൻ ദ്വീപുകൾക്കു മേൽ തങ്ങളുടെ അധിനിവേശം നടത്തുകയായിരുന്നു . ഹോർമുസ്​ കടലിടുക്കിനോട്​ ചേർന്നാണ്​ മൂന്ന്​ ദ്വീപുകളും. നേരത്തെ ചൈനയും ദ്വീപുകൾക്ക്​ മേലുള്ള യു.എ.ഇ ഉടമസ്​ഥാവകാശത്തെ പിന്തുണച്ച്​ രംഗത്തുവന്നിരുന്നു.

TAGS :

Next Story