റഷ്യ-യുക്രൈൻ യുദ്ധം; സമാധാന ശ്രമത്തിന് തയ്യാറെന്ന് യുഎഇ
റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യുഎഇ നിലപാട് വ്യക്തമാക്കിയത്
ദുബൈ: റഷ്യ-യുക്രൈൻ യുദ്ധത്തിൽ സമാധാന ശ്രമങ്ങൾക്ക് തയ്യാറാണെന്ന് യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ്. റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യുഎഇ നിലപാട് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രധാന മധ്യസ്ഥനാണ് യുഎഇ. യുദ്ധത്തടവുകാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയം കാണുന്ന സാഹചര്യത്തിലാണ് സംഘർഷം ഇല്ലാതാക്കാൻ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് യുഎഇ റഷ്യയെ അറിയിച്ചത്.
പുടിൻ ഔദ്യോഗിക വസതിയിൽ ശൈഖ് മുഹമ്മദിനായി ഒരുക്കിയ അത്താഴവിരുന്നിലായിരുന്നു ഇതുമായി ബന്ധപ്പെട്ട ചർച്ച. തടവുകാരെ മോചിപ്പിക്കാനുള്ള ചർച്ചകളുമായി മുമ്പോട്ടു പോകുമെന്നും യുഎഇ പ്രസിഡണ്ട് പുടിനെ അറിയിച്ചു. യുഎഇയുടെ മധ്യസ്ഥത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച 95 വീതം തടവുകാരെയാണ് റഷ്യയും യുക്രൈനും മോചിപ്പിച്ചത്. യുദ്ധത്തിന് ശേഷം യുഎഇ നടത്തുന്ന ഒമ്പതാമത്തെ മധ്യസ്ഥ ശ്രമമായിരുന്നു ഇത്. അറബ് രാഷ്ട്രത്തിന്റെ മധ്യസ്ഥതയിൽ ഇതുവരെ 2184 തടവുകാരാണ് ഇരുപക്ഷത്തു നിന്നും മോചിതരായിട്ടുള്ളത്.
ബ്രിക്‌സ് ഉച്ചകോടിക്കായാണ് ശൈഖ് മുഹമ്മദ് ഞായറാഴ്ച റഷ്യയിലെത്തിയത്. കസാൻ നഗരത്തിൽ ഒക്ടോബർ 24 വരെയാണ് ഉച്ചകോടി. ബ്രിക്‌സ് അംഗമെന്ന നിലയിൽ യുഎഇ ആദ്യമായാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കൾ റഷ്യയിലെത്തിയിട്ടുണ്ട്. റഷ്യ-യുക്രൈൻ യുദ്ധത്തിന് മധ്യസ്ഥത വഹിക്കാൻ ഇന്ത്യയും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
Adjust Story Font
16