പ്രായത്തിൽ ഹാഫ് സെഞ്ച്വറി തികച്ച് സച്ചിൻ; സ്റ്റാൻഡ് ഒരുക്കി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം
ഷാർജയിലെ ചടങ്ങിൽ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും നിർഭാഗ്യവശാൽ അതിന് കഴിഞ്ഞില്ലെന്നും സച്ചിൻ പറഞ്ഞു.
ഷാർജ: അമ്പത് വയസ് പിന്നിടുന്ന ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പേരിൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പുതിയ സ്റ്റാൻഡ് സ്ഥാപിച്ചു. മാസ്റ്റർ ബ്ലാസ്റ്റർക്കുള്ള പിറന്നാൾ സമ്മാനം മാത്രമല്ല, സച്ചിൻ ഷാർജയിൽ തുടർച്ചയായി രണ്ട് സെഞ്ചറികൾ നേടിയതിന്റെ 25ാം വാർഷികം കുറിക്കാൻ കൂടിയാണ് ഈ സ്റ്റാൻഡ്.
ഷാർജയിൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഷാർജ ക്രിക്കറ്റ് സി.ഇ.ഒ ഖലഫ് ബുഖാതിറാണ് സച്ചിൻ ടെണ്ടുൽക്കർ സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തത്. 1998ൽ ഷാർജ സ്റ്റേഡിയത്തിൽ സച്ചിൻ തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടിയതിന്‍റെ 25ാം വാർഷികത്തിന്‍റെ ഓർമ പുതുക്കാൻ കൂടിയായാണിത്.
ഓസ്ട്രേലിയക്കെതിരായ മത്സരങ്ങളിൽ 143 റൺസും അടുത്ത മൽസരത്തിൽ 134 റൺസാണ് സച്ചിൻ നേടിയത്. സ്റ്റേഡിയത്തിലെ വെസ്റ്റ് സ്റ്റാൻഡിനാണ് സച്ചിന്‍റെ പേര് നൽകിയത്. 34 സ്റ്റേഡിയങ്ങളിലായാണ് സച്ചിൻ 49 സെഞ്ച്വറി നേടിയത്. ഇതിൽ ഏഴും ഷാർജ സ്റ്റേഡിയത്തിലായിരുന്നു.
അതേസമയം, ഷാർജയിലെ ചടങ്ങിൽ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും നിർഭാഗ്യവശാൽ അതിന് കഴിഞ്ഞില്ലെന്നും സച്ചിൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഷാർജയിൽ കളിക്കുന്നത് എപ്പോഴും ഗംഭീരമായ അനുഭവമാണ്. ഷാർജ സ്റ്റേഡിയത്തിലെ ആരവങ്ങൾ നിറഞ്ഞ അന്തരീക്ഷവും പിന്തുണയുമെല്ലാം മറക്കാനാവാത്തതാണെന്ന് സച്ചിൻ പറഞ്ഞു. പിറന്നാൾ ദിനത്തിൽ സ്റ്റാൻഡ് സ്ഥാപിച്ച ബുഖാതിറിനും സംഘത്തിനും നന്ദി അറിയിക്കുന്നതായും സച്ചിൻ പറഞ്ഞു.
Adjust Story Font
16