Quantcast

സാലികും ഇന്ധനവിലയും കൂടി; ദുബൈയിൽ യാത്ര ചെലവേറും

തിരക്കിനനുസരിച്ച് നിരക്കിൽ മാറ്റം വരുന്ന പുതിയ ടോൾ വ്യവസ്ഥയ്ക്ക് തുടക്കമായി

MediaOne Logo

Web Desk

  • Published:

    31 Jan 2025 5:25 PM

Salik Toll and fuel prices hiked in Dubai; Traveling in Dubai is expensive
X

ദുബൈ: സാലിക് ടോളിനൊപ്പം ഇന്ധനവില കൂടി വർധിച്ചതോടെ ദുബൈയിലെ യാത്ര ഇനി ചെലവേറും. തിരക്കിനനുസരിച്ച് നിരക്കിൽ മാറ്റം വരുന്ന പുതിയ ടോൾ വ്യവസ്ഥയ്ക്ക് നഗരത്തിൽ തുടക്കമായി. ഫെബ്രുവരിയിലെ ഇന്ധനവിലയിൽ പത്തിലേറെ ഫിൽസിന്റെ വർധനയാണ് ഉണ്ടായത്.

തിരക്കേറിയ സമയങ്ങളിൽ കൂടുതൽ പണം ഈടാക്കുന്ന വേരിയബ്ൾ ടോൾ ഇന്നു മുതലാണ് നിലവിൽ വന്നത്. പ്രവൃത്തി ദിനങ്ങളിൽ രാവിലെ ആറു മുതൽ പത്തു വരെയും വൈകിട്ട് നാലു മുതൽ എട്ടു വരെയും ആറു ദിർഹമാണ് ഇനി സാലിക് നിരക്ക്. ഞായറാഴ്ചകളിൽ നാലു ദിർഹം ഈടാക്കും. പുലർച്ചെ ഒന്നു മുതൽ രാവിലെ ആറു വരെ സാലിക് കടക്കുമ്പോൾ ടോളില്ല.

ദിവസവും സാലിക് ഗേറ്റ് കടന്ന് ഓഫീസിലേക്ക് പോകുന്നവർക്കും തിരിച്ച് വീട്ടിലേക്കു വരുന്നവർക്കും സാലിക് വർധന ജീവിതച്ചെലവു കൂട്ടും. ഒരു സാലിക് ഗേറ്റിലൂടെ എല്ലാ ദിവസവും സഞ്ചരിക്കുന്ന ഒരാൾക്ക് അക്കൗണ്ടിൽ നിന്ന് പന്ത്രണ്ട് ദിർഹം ടോൾ ഇനത്തിൽ ഒടുക്കേണ്ടി വരും. ഞായറാഴ്ച ഒഴിച്ചു നിർത്തിയാൽ, 26 പ്രവൃത്തിദിനങ്ങളിൽ നൽകേണ്ടത് 312 ദിർഹം. ഒരു വർഷത്തെ കണക്കെടുത്താൽ 3744 ദിർഹം. ഏകദേശം തൊണ്ണൂറായിരം ഇന്ത്യൻ രൂപ.

ഇതോടൊപ്പം മാർച്ച് അവസാനത്തോടെ ദുബൈയിലെ പാർക്കിങ് നിരക്കിലും മാറ്റം വരികയാണ്. പ്രീമിയം പാർക്കിങ്ങുകളിൽ തിരക്കേറിയ സമയങ്ങളിൽ ആറു ദിർഹമാകും പുതുക്കിയ നിരക്ക്. തിരക്കില്ലാത്ത സമയങ്ങളിൽ നാലു ദിർഹം. സ്റ്റാൻഡേർഡ് പാർക്കിങ്ങുകളിൽ നിരക്ക് നാലു ദിർഹമായി തുടരും. രാത്രി പത്തു മുതൽ രാവിലെ എട്ടു മണി വരെ പാർക്കിങ് ഫീയില്ല. വേൾഡ് ട്രേഡ് സെന്റർ പോലുള്ള ഇവന്റ് സോണുകളിൽ മണിക്കൂറിന് 25 ദിർഹം ഈടാകുന്ന പ്രൈസിങ് പോളിസിക്ക് ഫെബ്രുവരിയിൽ തുടക്കമാകും.

ഇതിനിടെയാണ്, ഫെബ്രുവരിയിലെ ഇന്ധനവിലയിലും വർധനയുണ്ടായത്. പെട്രോൾ ലിറ്ററിന് 13 ഫിൽസും ഡീസൽ ലിറ്ററിന് 14 ഫിൽസുമാണ് വർധിച്ചത്. ഒരു ലിറ്റർ സൂപ്പർ പെട്രോളിന് 2.74 ദിർഹമാണ് പുതുക്കിയ നിരക്ക്. സ്‌പെഷ്യലിന് 2.63 ദിർഹം. ഒരു ലിറ്റർ ഇ പ്ലസിന് 2.55 ദിർഹം നൽകണം. 2.82 ദിർഹമാണ് ഒരു ലിറ്റർ ഡീസലിന്റെ പുതുക്കിയ വില.

TAGS :

Next Story