സൗദി-ഇറാൻ നയതന്ത്ര ബന്ധം: തീരുമാനത്തിന് വ്യാപക പിന്തുണ, ഗൾഫ് സുരക്ഷക്ക് തുടർ ചർച്ച വേണമെന്ന് യു.എൻ
ഇറാൻ - സൗദി ധാരണ ഗൾഫ് സുരക്ഷക്ക് ഗുണം ചെയ്യില്ലെന്ന് ഇസ്രായേൽ
നയതന്ത്ര ബന്ധം പുന:സ്ഥാപിക്കാനുള്ള ഇറാൻ, സൗദി തീരുമാനത്തെ യുഎന്നും ലോകരാജ്യങ്ങളും പിന്തുണച്ചു. യെമൻ യുദ്ധത്തിന് അറുതി വരുത്താൻ ഇറാൻ, സൗദി ധാരണ വഴിയൊരുക്കുമെന്നാണ് ലോക രാജ്യങ്ങളുടെ പ്രതീക്ഷ. അതേ സമയം കരാറിനെ വിമർശിച്ച് ഇസ്രായേൽ രംഗത്തു വന്നു
ഏഴു വർഷത്തെ അകൽച്ചക്കൊടുവിൽ കൈകോർക്കാനുള്ള ഇറാൻ, സൗദി തീരുമാനം മേഖലയുടെ സുരക്ഷയിൽ ഗുണപരമായ മാറ്റം കൊണ്ടുവരുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അഭിപ്രായപ്പെട്ടു. മധ്യസ്ഥ ചർച്ചക്ക് വേദിയൊരുക്കിയ ചൈനീസ് ഭരണകൂടത്തെ യു.എൻ അഭിനന്ദിക്കുകയും ചെയ്തു. ഗൾഫിന്റെ സുരക്ഷക്ക് തീരുമാനം ഏറെ മുതൽക്കൂട്ടാകും.
ഗൾഫ് സുരക്ഷയും സുസ്ഥിരതയും മുൻനിർത്തി തുടർ ചർച്ചകൾ ആവശ്യമാണെന്നും യു.എൻ നേതൃത്വം വ്യക്തമാക്കി. ഗൾഫ് മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനമാണിതെന്ന് വിവിധ യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ പ്രതികരിച്ചു. നയതന്ത്ര ബന്ധം പുന:സ്ഥാപിക്കാനുള്ള ഇറാൻ സൗദി നീക്കത്തെ യു.എ.ഇ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളും അഭിനന്ദിച്ചു. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന കരാർ വ്യവസ്ഥ പാലിക്കാൻ ഇറാൻ തയാറാകുമെന്ന പ്രത്യാശയും ജി.സി.സി രാജ്യങ്ങൾ പ്രകടിപ്പിച്ചു.
തീരുമാനം സുപ്രധാന നീക്കമാണെന്ന് തുർക്കി പ്രസിഡൻറ് ഉർദുഗാൻ പ്രതികരിച്ചു അറബ് ലീഗ്, ഒഐ.സി ഉൾപ്പെടെയുള്ള കൂട്ടായ്മകളും ഇറാൻ, സൗദി തീരുമാനത്തെ ചരിത്രപരമെന്ന് വിലയിരുത്തി. ഇറാൻ, സൗദി ധാരണ ഗൾഫ് സുരക്ഷക്ക് ഗുണം ചെയ്യില്ലെന്ന് ഇസ്രായേൽ കുറ്റപ്പെടുത്തി. അറബ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ഇസ്രായേൽ നീക്കത്തെ ഇതു ബാധിക്കാനിടയില്ലെന്നും നേതൃത്വം വ്യക്തമാക്കി.
Adjust Story Font
16