ഡ്രൈവറില്ലാ വാഹന മത്സരം; അന്തിമപട്ടികയിൽ 10 സ്ഥാപനങ്ങൾ
സ്വയം പ്രവർത്തിക്കുന്ന ബസുകൾ എന്ന തീമിലാണ് ഇത്തവണത്തെ മത്സരങ്ങൾ.
ഡ്രൈവറില്ല വാഹന വികസനത്തിനായി ദുബൈ സംഘടിപ്പിക്കുന്ന, സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് വേൾഡ് ചലഞ്ചിന് മികച്ച പ്രതികരണം. അവസാന റൗണ്ടിൽ ഇടം പിടിച്ചത് 10 സ്ഥാപനങ്ങൾ. 'സ്വയം പ്രവർത്തിക്കുന്ന ബസുകൾ' എന്ന തീമിലാണ്ഇത്തവണത്തെ മൽസരങ്ങൾ.
അപകടവും തടസ്സങ്ങളും മുൻകൂട്ടി കണ്ട് സ്വയം ഓടുന്ന ബസുകൾ നിർമിക്കുന്ന മുൻനിര സ്ഥാപനങ്ങളും യു.എ.ഇയിലെ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ചലഞ്ചിൽ മാറ്റുരച്ചത്. 23 ലക്ഷം ഡോളറാണ് വിജയികൾക്ക് ലഭിക്കുന്ന സമ്മാനത്തുക. ഇതിൽ 20 ലക്ഷം ഡോളർ സ്ഥാപനങ്ങൾക്കും, മൂന്ന് ലക്ഷം ഡോളർ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ്.
ദുബൈ ആതിഥ്യമരുളുന്ന സെൽഫ് ഡ്രൈവിങ് ട്രാൻപോർട്ട് വേൾഡ് കോൺഗ്രസിൽ ഈ മാസം 26നാണ് മത്സര വിജയികളെ പ്രഖ്യാപിക്കുക. ദുബൈ വേൾഡ്ട്രേഡ്സെൻറിൽ 26,27 തിയ്യതികളിലാണ് കോൺഗ്രസ്. ഡോ. സ്റ്റീവൻ ഷ്ലാഡോവറാണ് ജഡ്ജിങ് പാനലിനെ നയിക്കുക. യു.കെ, ഈജിപ്ത്, ചൈന, ഫ്രാൻസ്, തായ്വാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളാണ് മത്സരത്തിന്‍റെ അവസാന റൗണ്ടിൽ ഇടംപിടിച്ചത്. ദുബൈയിലെ വിവിധ സർവകലാശാലകൾ ലോക്കൽ അക്കാദമിയ വിഭാഗത്തിലും ഇടം നേടി.
27 സ്ഥാപനങ്ങൾ രണ്ടു കാറ്റഗറിയിലായി ചലഞ്ചിന് മുന്നോട്ടു വന്നതായി ആർ.ടി.എ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇവരിൽ നിന്നാണ് 10 സ്ഥാപനത്തെ ഫൈനലിലേക്ക് തെരഞ്ഞെടുത്തത്. മുൻ വർഷത്തേക്കാൾ ഇക്കുറി മത്സരാർഥികളുടെ എണ്ണം 130 ശതമാനം വർധിച്ചിട്ടുണ്ട്. മൊത്തം വാഹനങ്ങളുടെ 25 ശതമാനം സ്വയം നിയന്ത്രിത വാഹനങ്ങളാക്കാനുള്ള ദുബൈയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ ചലഞ്ച്.
Adjust Story Font
16