അനുമതിയില്ലാതെ ആളുകളുടെയും വസ്തുക്കളുടേയും ദൃശ്യങ്ങൾ പകർത്തുന്നവർക്ക് യു.എ.ഇയിൽ കടുത്ത ശിക്ഷ
ആളുകളുടെ അനുമതിയില്ലാതെ അവരുടെ ദൃശ്യങ്ങൾ പകർത്തുന്നത് മാത്രമല്ല, അന്യരുടെ വസ്തുവകകളുടെ ദൃശ്യങ്ങൾ നമ്മുടെ സ്വന്തം ഫ്രെയ്മിൽ പകർത്താനും അനുമതി ഉണ്ടായിരിക്കണമെന്നാണ് യു.എ.ഇയിലെ വ്യവസ്ഥ.
പകർത്തിയ ദൃശ്യങ്ങൾ ഏതു മാർഗ്ഗങ്ങളിലൂടെയും മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്നതും സ്വകാര്യതാലംഘനവും യു.എ.ഇ നിയമപ്രകാരം ശിക്ഷാർഹവുമാണ്. ഒരു വ്യക്തിയുടെ സ്വകാര്യ സ്വത്താണെന്ന് ഉറപ്പുള്ള വസ്തുവിന്റെ ചിത്രങ്ങൾ നിങ്ങൾ എടുക്കുകയാണെങ്കിൽ, നിങ്ങൾ അവരിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കിയിരിക്കണം.
2021 ലെ ഫെഡറൽ ഡിക്രി ലോ നമ്പർ 34 പ്രകാരമാണ് ഇത്തരം പ്രവർത്തികളെ ഫെഡറൽ സൈബർ ക്രൈം ഇനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. വ്യക്തികളുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങളോ ഡാറ്റയോ അല്ലെങ്കിൽ അവരെ തിരിച്ചറിയുന്ന തരത്തിലുള്ള മറ്റു വിവരങ്ങളോ അവരുടെ സമ്മതമില്ലാതെ കൈക്കലാക്കുകയോ അവ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന ആർക്കും ആറ് മാസത്തിൽ കുറയാത്ത തടവും കൂടാതെ 20,000 ദിർഹം മുതൽ പരമാവധി 100,000 ദിർഹം വരെ പിഴയും ലഭിക്കുന്നതാണ്.
കൂടാതെ, ഫെഡറൽ സൈബർ നിയമത്തിലെ ആർട്ടിക്കിൾ 44 ൽ സൂചിപ്പിക്കുന്നതു പ്രകാരം, ഒരു വസ്തുവിന്റെ ചിത്രമെടുത്താൽ, അത് ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് അവസരമൊരുക്കലാണ്. ഇതിനും മുകളിൽ പറഞ്ഞ അതേ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
ഇത്തരത്തിൽ എല്ലാ വസ്തുക്കളുടെയും ചിത്രങ്ങൾ പകർത്തിയാൽ ഈ നടപടി നേരിടേണ്ടി വരുമോ എന്നാണ് ഇപ്പോൾ വരുന്ന സംശയമല്ലേ ? ആ ഉടമയ്ക്ക് ഇഷ്ടമുണ്ടാവില്ലെന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ഗണത്തിൽപെട്ട സ്വകാര്യ സ്വത്തുക്കളുടെ ചിത്രങ്ങൾ എടുക്കരുതെന്നാണ് നിയമത്തിൽ പറയുന്നത്.
ഉദാഹരണത്തിന് കാറിലെ നമ്പർ പ്ലേറ്റ്, വീടിന്റെ പേര് തുടങ്ങിയവ പ്രസിദ്ധീകരിച്ചാൽ, ഉടമസ്ഥരെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നതിനാൽ ഇത്തരം ചിത്രങ്ങൾ പകർത്തുന്നത് നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.
Adjust Story Font
16