Quantcast

വൺ ബില്യൺ മീൽസ് പദ്ധതിക്ക് 22 കോടി രൂപ സംഭാവന ചെയ്ത് ഡോ. ഷംഷീർ വയലിൽ

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേതൃത്വം നൽകുന്ന 'വൺ ബില്യൺ മീൽസ് എൻഡോവ്മെന്റ്' കാമ്പയിന് പിന്തുണയേകിയാണ് സംഭാവന.

MediaOne Logo

Web Desk

  • Updated:

    2023-03-29 19:26:58.0

Published:

29 March 2023 3:54 PM GMT

Malayali businessman Dr. Shamsheer Vayalil Donated 2.25 crore rupees to Mothers Endowment Campaign announced by the UAE
X

Shamsheer vayalil

ദുബായ്: റമദാനിൽ ദുർബല വിഭാഗങ്ങൾക്ക് സുസ്ഥിര ഭക്ഷണ വിതരണം ഉറപ്പാക്കാനുള്ള യു.എ.ഇ പദ്ധതിക്ക് ഒരു കോടി ദിർഹം (22 കോടി രൂപ) സംഭാവന പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേതൃത്വം നൽകുന്ന 'വൺ ബില്യൺ മീൽസ് എൻഡോവ്മെന്റ്' കാമ്പയിന് പിന്തുണയേകിയാണ് സംഭാവന.

റമദാനിൽ സുസ്ഥിര ഭക്ഷണ വിതരണത്തിനായി എൻഡോവ്മെന്റ് ഫണ്ട് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് (എം.ബി.ആർ.ജി.ഐ) ആരംഭിച്ച പദ്ധതിയിലൂടെ ലോകമെമ്പാടുമുള്ള ദുർബല ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി വരികയാണ്. വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസുകൾ, ചാരിറ്റികൾ, സാമൂഹിക സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മികച്ച പിന്തുണയാണ് കാമ്പയിന് ലഭിക്കുന്നത്.

പദ്ധതിക്കായി അടുത്ത അഞ്ചു വർഷത്തേക്കാണ് ഡോ. ഷംഷീർ ഒരു കോടി ദിർഹം ലഭ്യമാക്കുക. ലോകമെമ്പാടും എം.ബി.ആർ.ജി.ഐ നടപ്പിലാക്കുന്ന ജീവകാരുണ്യ, മാനുഷിക പദ്ധതികൾക്കായി സംഭാവന ഉപയോഗപ്പെടുത്തും. മാനുഷിക സഹായവും ആശ്വാസവും, ആരോഗ്യ സംരക്ഷണവും രോഗനിയന്ത്രണവും, വിദ്യാഭ്യാസവും വിജ്ഞാനവും പ്രചരിപ്പിക്കൽ, നൂതനാശയങ്ങൾ, സംരംഭകത്വവും കമ്മ്യൂണിറ്റികളെ ശാക്തീകരിക്കലും എന്നീ മേഖലകളിലൂന്നിയാണ് പദ്ധതികൾ നടപ്പാക്കുന്നത്.

ലോകമെമ്പാടുമുള്ള പ്രകൃതിദുരന്തങ്ങളുടെയും പ്രതിസന്ധികളുടെയും ഇരകളടക്കമുള്ള ദുർബല വിഭാഗങ്ങൾക്ക് പിന്തുണയേകി യു.എ.ഇ നേതൃത്വം നൽകുന്ന 'വൺ ബില്യൺ മീൽസ് എൻഡോവ്മെന്റ്' കാമ്പയിനെ പിന്തുണയ്ക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ പറഞ്ഞു. സഹായം ആവശ്യമുള്ളവർക്ക് ഐക്യദാർഢ്യവും പിന്തുണയും നൽകുന്ന യു.എ.ഇയുടെ പാരമ്പര്യത്തിൽ അധിഷ്ഠിതമായ പദ്ധതിയാണിത്. പട്ടിണിക്കെതിരെ പോരാടുകയും അർഹരായവർക്ക് ആരോഗ്യകരമായ ഭാവി വാഗ്ദാനം ചെയ്യുന്ന ഉദ്യമത്തെ പിന്തുണയ്ക്കാൻ പൂർണമായും പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story