രണ്ടു മാസത്തിനുള്ളിൽ 28 ലക്ഷം യാത്രക്കാർ; ഷാർജ വിമാനത്താവളം കുതിക്കുന്നു
ഖത്തർ തലസ്ഥാനമായ ദോഹയാണ് യാത്രക്കാരുടെ എണ്ണത്തിൽ മുന്നിൽ
ഷാർജ: ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഷാർജ വിമാനത്താവളം വഴി യാത്ര ചെയ്തത് 28 ലക്ഷം പേർ. 30 രാജ്യങ്ങളിൽ നിന്നായി 17,700 വിമാന സർവിസുകളിലായാണ് ഇത്രയും യാത്രക്കാരെ ഷാർജ വിമാനത്താവളം സ്വീകരിച്ചത്. ഖത്തർ തലസ്ഥാനമായ ദോഹയാണ് യാത്രക്കാരുടെ എണ്ണത്തിൽ മുന്നിൽ.
12,40,000 പേരാണ് ഷാർജ വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്കും തിരിച്ചും യാത്ര ചെയ്തത്. തിരുവനന്തപുരം, ധാക്ക, അമ്മാൻ, കെയ്‌റോ എന്നീ നഗരങ്ങളാണ് തൊട്ടു പിന്നിൽ. ഷാർജ വിമാനത്താവളം നൽകുന്ന സേവനങ്ങളിലെ യാത്രക്കാരുടെ വിശ്വാസമാണ് നേട്ടമായതെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി.
ഷാർജ വിമാനത്താവളത്തെ മികച്ച അഞ്ച് പ്രാദേശിക വിമാനത്താവളങ്ങളിൽ ഒന്നാക്കി മാറ്റാനുള്ള നീക്കങ്ങൾക്ക് പുതിയ കണക്കുകൾ പ്രചോദനമാകുമെന്ന് എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സലിം അൽ മിദ്ഫ പറഞ്ഞു. യാത്രക്കാർക്ക് സുരക്ഷിത യാത്രാനുഭവം പ്രദാനം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും വർധിപ്പിക്കുന്നതിനുള്ള നടപടികളും ഊർജിതമാണ്. 2026 ഓടെ രണ്ട് കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും വിധം വിവിധ വികസന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
Adjust Story Font
16