42 ബില്യൺ ദിർഹം ചെലവ്; എമിറേറ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി ഷാർജ
ബജറ്റിലെ 41 ശതമാനവും അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനായാണ് നീക്കിവച്ചിട്ടുള്ളത്
ഷാർജ: ചരിത്രത്തിലെ ഏറ്റവും വലിയ പൊതുബജറ്റിന് അംഗീകാരം നൽകി ഷാർജ. സാമ്പത്തിക-അടിസ്ഥാന സൗകര്യങ്ങൾക്ക് ഊന്നൽ നൽകുന്ന ബജറ്റിൽ, 42 ബില്യൺ ദിർഹമാണ് ചെലവിനായി വകയിരുത്തിയിട്ടുള്ളത്. എമിറേറ്റിലെ ജനങ്ങളുടെ ജീവിത നിലവാരവും സാമ്പത്തിക സുസ്ഥിരതയും ഉറപ്പു വരുത്താൻ ലക്ഷ്യമിട്ട ബജറ്റിനാണ് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകിയത്. ബജറ്റിലെ നാൽപ്പത്തിയൊന്ന് ശതമാനവും അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനായാണ് നീക്കിവച്ചിട്ടുള്ളത്. മുൻ വർഷത്തെ ബജറ്റിൽ നിന്ന് ഏഴു ശതമാനത്തിന്റെ വർധനയാണ് മേഖലയിലുള്ളത്.
സാമ്പത്തിക വികസന മേഖലയ്ക്ക് ഇരുപത്തിയേഴു ശതമാനം ബജറ്റിൽ വകയിരുത്തി. സാമൂഹിക വികസനത്തിന് 22 ശതമാനവും. ഭരണനിർവഹണം, സുരക്ഷ, തുടങ്ങിയവയ്ക്കായി പത്തു ശതമാനം നീക്കിവച്ചു. മുൻ വർഷം ഇത് എട്ടു ശതമാനം മാത്രമായിരുന്നു. 2024 ലേതിനേക്കാൾ എട്ടു ശതമാനം വരുമാന വർധന നടപ്പു ബജറ്റ് പ്രതീക്ഷിക്കുന്നുണ്ട്. ആകെ വരുമാനത്തിൽ പത്തു ശതമാനമാണ് നികുതിയിനത്തിൽ പ്രതീക്ഷിക്കുന്നത്. നാലു ശതമാനം കസ്റ്റംസ് നികുതിയിനത്തിലും രണ്ടു ശതമാനം ഇന്ധന നികുതിയിനത്തിലും ലഭിക്കുമെന്നാണ് പ്രതീക്ഷ.
Adjust Story Font
16