Quantcast

ഷാർജ പുസ്തകോത്സവം; ഫലസ്തീൻ, ലബനാൻ പ്രസാധകർക്ക് രജിസ്ട്രേഷൻ ഫീയില്ല

ഗസ്സയിൽ ഇല്ലാതായത് 15 പ്രസാധനശാലകൾ

MediaOne Logo

Web Desk

  • Published:

    12 Oct 2024 4:33 PM GMT

Sharjah Book Festival; There is no registration fee for Palestinian and Lebanese publishers
X

ദുബൈ: ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന ഫലസ്തീൻ, ലബനാൻ, സുഡാൻ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രസാധകർക്ക് രജിസ്ട്രേഷൻ ഫീ ഒഴിവാക്കി അധികൃതർ. ഷാർജ ഭരണാധികാരിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. നവംബർ ആറു മുതൽ 17 വരെയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം.

യുദ്ധക്കെടുതികൾ അനുഭവിക്കുന്ന രാഷ്ട്രങ്ങൾ എന്ന നിലയിലാണ് ഫലസ്തീനും ലബനാനും സുഡാനും ഷാർജ പുസ്തകോത്സവത്തിൽ വേറിട്ട പരിഗണന ലഭിക്കുന്നത്. ഈ രാഷ്ട്രങ്ങളിലെ പ്രസാധകർക്ക് പിന്തുണ നൽകുന്നത് അവരുടെ സാംസ്‌കാരിക പൈതൃകങ്ങളെ സംരക്ഷിക്കുന്നതിൽ നിർണായകമാണെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ബുദൂർ അൽ ഖാസിമി പറഞ്ഞു.

അറബ് സംസ്‌കാരത്തിന്റെയും ബുദ്ധിജീവികളുടെയും അഭയമാണ് ഷാർജ. എല്ലായ്പ്പോഴും അതങ്ങനെ ആയിരിക്കും. അറബ് സാംസ്‌കാരിക പദ്ധതിയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അതിന്റെ നയങ്ങളിലും പ്രയോഗങ്ങളിലുമുണ്ട്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അടുത്ത എഡിഷൻ നമ്മുടെ സംസ്‌കാരത്തെ കണ്ടെത്തുന്നതാകുമെന്ന് ആത്മാർഥമായി വിശ്വസിക്കുന്നു- അവർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ 15 പ്രസാധനശാലകളും 80 പബ്ലിക് ലൈബ്രറികളുമാണ് ഗസ്സയിൽ ഇല്ലാതായത്. 76 സാംസ്‌കാരിക കേന്ദ്രങ്ങളും മൂന്നു തിയേറ്ററും അഞ്ച് മ്യൂസിയങ്ങളും ഓർമയായി. സംഘർഷങ്ങൾ ലബനാനിലെയും സുഡാനിലെയും പ്രസാധകർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയിട്ടുള്ളത്.

ഒരു പുസ്തകം കൊണ്ടു തുടങ്ങാം എന്ന പ്രമേയത്തിലാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 43-ാം എഡിഷൻ ഇത്തവണ അരങ്ങേറുക. 112 രാഷ്ട്രങ്ങളിൽനിന്നുള്ള 2,520 പ്രസാധകർ പങ്കെടുക്കും. അറബ് ലോകത്ത് യുഎഇയിൽനിന്നാണ് ഏറ്റവും കൂടുതൽ പ്രസാധകരെത്തുന്നത്- 234 എണ്ണം. ഈജിപ്തിൽനിന്ന് 172 ഉം ലബനാനിൽനിന്ന്് 88 ഉം സിറിയയിൽനിന്ന് 58 ഉം പ്രസാധകർ ഇത്തവണയുണ്ടാകും. ഇന്ത്യയിൽനിന്ന് 52 പ്രസാധകരാണുള്ളത്.

TAGS :

Next Story