ഷാർജ ഇന്ത്യൻ അസോ. തെരഞ്ഞെടുപ്പ്; ലീഗ്-സിപിഎം സംഘടനകൾ ഒരേ മുന്നണിയിൽ
ഈമാസം പത്തിനാണ് തെരഞ്ഞെടുപ്പ്
ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ സിപിഎം-മുസ്ലിം ലീഗ് സഖ്യം. കോൺഗ്രസ് മുന്നണിക്കെതിരെയാണ് ലീഗ് സംഘടനയായ കെഎംസിസിയും, സിപിഎം അനുകൂല സംഘടനയായ മാസും ഒരു മുന്നണിയായി മൽസരിക്കുന്നത്. ഈമാസം പത്തിനാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്
കെഎംസിസി നേതാവ് നിസാർ തളങ്കര പ്രസിഡന്റായി മൽസരിക്കുന്ന ജനാധിപത്യ മുന്നണിയിലെ ജന.സെക്രട്ടറി സ്ഥാനാർഥി സിപിഎം നേതാവ് ശ്രീരാമകൃഷ്ണന്റെ സഹോദരൻ കൂടിയായ പി പ്രകാശാണ്. കെഎംസിസി പ്രവർത്തകർ സഖ്യത്തെ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് ഷാർജയിലെ തെരഞ്ഞടുപ്പിനെ കേരളരാഷ്ട്രീയമവുമായി കൂട്ടിക്കെട്ടേണ്ട എന്നാണ് കെഎംസിസി നേതാക്കളുടെ മറുപടി.
പരസ്പരം ചേരിതിരിഞ്ഞ് മൽസരിക്കാറുള്ള കോൺഗ്രസ് സംഘടനകളിൽ ഒന്നൊഴികെ ഇത്തവണ ഇൻകാസിന് കീഴിൽ മതേതര ജനാധിപത്യ മുന്നണി എന്ന പേരിൽ മൽസരിക്കുന്നുണ്ട്. സി പി ജോൺസനാണ് പ്രസിഡന്റ് സ്ഥാനാർഥി. നിലവിലെ പ്രസിഡന്റ് അഡ്വ. വൈഎം റഹീം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രംഗത്തുണ്ട്. കെഎംസിസിയുടെ മുന്നണി മാറ്റം തങ്ങൾക്ക് ഭീഷണിയല്ലെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.
ഐപിഎഫിന്റെ ഭാരവാഹി വിജയൻ നായരുടെ നേതൃത്വത്തിൽ ബിജെപിയും സമഗ്ര വികസന മുന്നണി എന്ന പേരിൽ മൽസരിക്കുന്നുണ്ട്. കേരളത്തിലും ലീഗ് സിപിഎമ്മിനോട് അടുക്കുന്നു എന്ന വാർത്തകൾക്കിടയിലാണ് ഷാർജയിൽ ഇരു പാർട്ടികളുടെയും സംഘടനകൾ ഒരു സഖ്യത്തിൽ മൽസരിക്കുന്നത്.
Adjust Story Font
16