പണമില്ലാതെ വലഞ്ഞ സഞ്ചാരിക്ക് തുണയായി ഷാർജ പൊലീസ്
വിവിധ രാജ്യക്കാർ താമസിക്കുന്ന സ്ഥലമാണെങ്കിലും ഇവിടെയാർക്കും വംശീയതയില്ല എന്നത് തന്നെ ഏറെ സ്വാധീനിച്ചതായി സഞ്ചാരി
ഷാർജ: പണമില്ലാത്തതിനാൽ യു.എ.ഇയിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ പ്രയാസത്തിലായ വിനോദസഞ്ചാരിയെ സഹായിച്ച് ഷാർജ പൊലീസ്. എയർപോർട്ട് റോഡിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് ഒരു പാലത്തിനടിയിലെ പുല്ലിൽ വിശ്രമിക്കുന്ന വിനോദ സഞ്ചാരിയെ കണ്ടെത്തിയത്.
സൈക്കിളിൽ യു.എ.ഇ ചുറ്റിക്കറങ്ങാനായി ഏപ്രിൽ മാസത്തിൽ എത്തിയതായിരുന്നു റഷ്യക്കാരനായ സഞ്ചാരി. പണമില്ലാതായതോടെ മടങ്ങാൻ മറ്റു മാർഗങ്ങളില്ലാതെയായി. ഇംഗ്ലീഷ് ഭാഷ അറിയാത്തതിനാൽ ആരോടെങ്കിലും വിഷയം പങ്കുവെക്കാനും സാധിച്ചില്ല. ഇതോടെയാണ് റോഡരികിൽ തങ്ങിയത്. വിവരങ്ങൾ മനസിലാക്കിയ പൊലീസ് ഇയാൾക്ക് ഹോട്ടൽ ബുക്ക് ചെയ്ത് നൽകുകയും യാത്രക്ക് വിമാനടിക്കറ്റ് ഉറപ്പാക്കുകയും ചെയ്തു.
പൊലീസ് നൽകിയ സഹായത്തിന് നന്ദി പറഞ്ഞ ഇയാൾ നാട്ടിലേക്ക് മടങ്ങി. വിവിധ രാജ്യക്കാർ താമസിക്കുന്ന സ്ഥലമാണെങ്കിലും ഇവിടെയാർക്കും വംശീയതയില്ല എന്നത് തന്നെ ഏറെ സ്വാധീനിച്ചതായി സഞ്ചാരി പറഞ്ഞു. ഒന്നിലധികം സംസ്‌കാരങ്ങൾ എങ്ങനെ സഹകരിച്ച് നിലനിൽക്കുമെന്ന് നേരിട്ട് കാണാൻ യു.എ.ഇ സന്ദർശിക്കുന്നതിലൂടെ തിരിച്ചറിയാനായെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16