Quantcast

ലേബര്‍ക്യാമ്പിലുള്ളവരുടെ പെരുന്നാള്‍ അവധി ആഘോഷം കെങ്കേമമാക്കാനൊരുങ്ങി ഷാര്‍ജ

ജൂണ്‍ 30 മുതല്‍ ജൂലൈ 15 വരെയാണ് ആഘോഷങ്ങള്‍ നടക്കുക

MediaOne Logo

Web Desk

  • Published:

    4 July 2022 6:31 AM GMT

ലേബര്‍ക്യാമ്പിലുള്ളവരുടെ പെരുന്നാള്‍ അവധി  ആഘോഷം കെങ്കേമമാക്കാനൊരുങ്ങി ഷാര്‍ജ
X

എന്നും തൊഴിലിടങ്ങളിലെ അധ്വാനവും രാത്രികാലത്തെ ചെറിയ വിശ്രമവും മാത്രമായി പ്രവാസത്തിന്റെ ദുരിതങ്ങള്‍ പേറുന്നവരാണ് ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍. ഇത്തരം തൊഴിലാളികള്‍ക്ക് ചെറിയ ഇടവേളകള്‍ പോലും വലിയ ആശ്വാസമാണ് സമ്മാനിക്കുക.

എന്നാല്‍ ഇത്തവണ പെരുന്നാള്‍ ഇടവേള ആഘോഷമാക്കാന്‍ ഈ തൊഴിലാളികള്‍ക്ക് അവസരമൊരുങ്ങിയിരിക്കുകയാണ്. ഷാര്‍ജയിലെ അല്‍ സജാ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലേബര്‍ പാര്‍ക്കിലാണ് 2 ആഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ജൂണ്‍ 30 മുതല്‍ ജൂലൈ 15 വരെയാണ് ആഘോഷങ്ങള്‍ നടക്കുക. ഷാര്‍ജയിലെ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് സംഘാടകര്‍.

നിരവധി സാംസ്‌കാരിക, വിനോദ പരിപാടികള്‍, ഫുഡ് സ്റ്റാളുകളും കച്ചവടങ്ങളും എന്നിവയ്ക്കു പുറമേ, വിദ്യാഭ്യാസ സെഷനുകള്‍, മെഡിക്കല്‍ പരിശോധനകള്‍, ബോധവല്‍ക്കരണ ശില്‍പശാലകള്‍ എന്നിവയെല്ലാം ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്.

തൊഴിലാളികള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കലാവാസനകള്‍ പുറത്തെടുക്കാനും എല്ലാവരുടേയും മുന്നില്‍ അവ അവതരിപ്പിക്കാനും അവസരങ്ങള്‍ ലഭിക്കുന്നതും തൊഴിലാളികള്‍ക്ക് വലിയ സന്തോഷാനുഭവങ്ങളാണ് പകരുന്നത്.




തങ്ങളുടെ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പ്രകടനങ്ങള്‍ ആസ്വദിക്കാന്‍ ലഭിക്കുന്ന അവസരം എല്ലാ തൊഴിലാളികളും ഉപയോഗിക്കുന്നുമുണ്ട്. ചരിത്രത്തിലാദ്യമായി നടക്കുന്ന ഫെസ്റ്റിവലിന് തൊഴിലാളികളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഷാര്‍ജയിലെ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ സേലം യൂസഫ് അല്‍ ഖസീര്‍ പറഞ്ഞു.





വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കിടയില്‍ സാമൂഹികവും സാംസ്‌കാരികവുമായ ബന്ധം വര്‍ദ്ധിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യ മേഖല, ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.

TAGS :

Next Story