Quantcast

വാടകക്കാരും ഉടമകളും തമ്മിലുള്ള തർക്കം കുറയ്ക്കണം, വാടക സൂചിക ഏർപ്പെടുത്താൻ ഷാർജ

റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് സൂചിക ആത്മവിശ്വാസം നൽകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

MediaOne Logo

Web Desk

  • Published:

    14 Jan 2025 6:32 PM GMT

വാടകക്കാരും ഉടമകളും തമ്മിലുള്ള തർക്കം കുറയ്ക്കണം, വാടക സൂചിക ഏർപ്പെടുത്താൻ ഷാർജ
X

ദുബൈ: കെട്ടിട ഉടമകളും വാടകക്കാരും തമ്മിലുള്ള തർക്കങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ട് വാടക സൂചിക ഏർപ്പെടുത്താൻ ഷാർജ. ഷാർജ എമിറേറ്റിലെ ഓരോ പ്രദേശത്തിന്റെയും വാടക നിലവാരം ജനങ്ങൾക്ക് കാണാവുന്ന വിധത്തിലാണ് റെന്റൽ ഇൻഡക്സ് തയ്യാറാക്കുന്നത്. ഇതുവഴി വാടകയുമായി ബന്ധപ്പെട്ട് കെട്ടിടയുടമയും താമസക്കാരും തമ്മിലുള്ള തർക്കങ്ങൾ കുറയ്ക്കാനാകും. അനിയന്ത്രിതമായി വാടക വർധിപ്പിക്കുന്നതിനും തടയിടാം. ഓരോ പ്രദേശത്തിന്റെ പ്രാധാന്യവും വിപണി നിലവാരവും കണക്കിലെടുത്താകും വാടക പരിധി നിശ്ചയിക്കുക.

വാടക സൂചിക, റിയൽ എസ്റ്റേറ്റ് വിപണിയിൽ സുതാര്യതയും നിക്ഷേപകരിൽ കൂടുതൽ ആത്മവിശ്വാസവും ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഷാർജ റിയൽ എസ്റ്റേറ്റ് വകുപ്പിന്റെ സഹകരണത്തോടെ ഷാർജ ഡിജിറ്റലാണ് സൂചിക തയ്യാറാക്കുന്നത്. ജനുവരി 22 മുതൽ 25 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന എക്സിബിഷനിൽ സൂചിക പുറത്തിറക്കുമെന്നാണ് സൂചന.

നേരത്തെ, ദുബൈയും അബൂദബിയും അതത് എമിറേറ്റുകളിൽ വാടക സൂചിക പുറത്തിറക്കിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ഷാർജയുടെ തീരുമാനം. ദുബൈയിലെ സ്മാർട് റെന്റൽ ഇൻഡക്സ് പ്രകാരം, വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി കെട്ടിടങ്ങൾക്ക് ഒന്നു മുതൽ അഞ്ചു വരെ സ്റ്റാർ റേറ്റിങ് നൽകിയിട്ടുണ്ട്. നിലവിൽ താമസ കെട്ടിടങ്ങൾക്ക് മാത്രമാണ് സൂചിക ബാധകമാകുന്നത്. ഭാവിയിൽ വാണിജ്യ കെട്ടിടങ്ങൾ കൂടി ഇതിന്റെ പരിധിയിൽ വരും.

TAGS :

Next Story