'ബൂ ഖാലിദി'ന് 62ാം പിറന്നാൾ: സ്നേഹം പകർന്ന് യു.എ.ഇ ജനത
ജന്മദിന സന്ദേശവും സ്നേഹപ്രകടനങ്ങളുമായി നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്
യു.എ.ഇ ജനത ബൂ ഖാലിദെന്ന് സ്നേഹത്തോടെ വിളിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ 62 ആം പിറന്നാളിന്റെ നിറവിൽ. ജന്മദിന സന്ദേശവും സ്നേഹപ്രകടനങ്ങളുമായി നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്.
1961ൽ അൽ ഐനിലാണ് യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ മൂന്നാമത്തെ സന്താനമായി ശൈഖ് മുഹമ്മദ് ജനിക്കുന്നത്. അറബ് മേഖലയിൽ പെട്രോൾ കണ്ടെത്തുകയും പുരോഗതിയിലേക്ക് കുതിച്ചു തുടങ്ങുകയും ചെയ്യുന്ന കാലം. പിതാവിന്‍റെ വാൽസല്യപുത്രനായി ശൈഖ് മുഹമ്മദ് വളർന്നു. യു.എ.ഇയുടെ രൂപീകരണവും വളർച്ചയും നേരിട്ട് കാണാൻ കുഞ്ഞുനാളിൽ ശൈഖ് മുഹമ്മദിനായി. വിവിധ തസ്തികകളിൽ സേവനം അനുഷ്ടിക്കാൻ പിന്നീട് അവസരം ലഭിച്ചു. ജേഷ്ട സഹോദരൻ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് 2022 മേയിൽ യു.എ.ഇയുടെ അമരത്തേക്ക് നിയമിതനായി. യു.എ.ഇ സംസ്കാരത്തെയും കവിതയെയും ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് ശൈഖ് മുഹമ്മദ്.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കുഞ്ഞു വീഡിയോ മുഖേനയാണ് പ്രസിഡന്‍റിന് പിറന്നാൾ ഭാവുകങ്ങൾ നേർന്നത്. ശൈഖ് മുഹമ്മദിന്‍റെ ഛായാചിത്രത്തിന് ശൈഖ് ഹംദാന്‍റെ കുഞ്ഞു മകൻ റാശിദ് ചുംബനം നൽകുന്നതാണ് വീഡിയോ. പോസ്റ്റ് ചെയ്ത് മിനുറ്റുകൾക്കകം സാമൂഹിക മാധ്യമങ്ങളിൽ ഇതു വൈറലായി.
Adjust Story Font
16