പുതുവർഷം മുതല്‍ യു.എ.ഇ മാറും: മുൻഗണനാ വിഷയങ്ങൾ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
അഞ്ച് വിഷയങ്ങൾക്കാവും യു.എ.ഇ പുതുവർഷത്തിൽ പ്രാമുഖ്യം നൽകുക
ദുബൈ: പുതുവർഷത്തിൽ വിദ്യാഭ്യാസം ഉൾപ്പെടെ വിവിധ മേഖലകൾക്ക് ഊന്നൽ നൽകി യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് മുൻഗണനാക്രമം പ്രഖ്യാപിച്ചത്. ഈ വർഷത്തെ ആദ്യ മന്ത്രിസഭ യോഗത്തിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു ശൈഖ് മുഹമ്മദിന്‍റെ പ്രഖ്യാപനം. അഞ്ച് വിഷയങ്ങൾക്കാവും യു.എ.ഇ പുതുവർഷത്തിൽ പ്രാമുഖ്യം നൽകുക. പാരിസ്ഥിതിക സുസ്ഥിരത, വിദ്യാഭ്യാസ മേഖലയിലെ വികസനം, ദേശീയതയുടെ ഏകീകരണം, രാജ്യത്തിന്‍റെ അന്താരാഷ്ട്ര സാമ്പത്തിക പങ്കാളിത്തം വിപുലമാക്കൽ, ഇമാറാത്തിവത്കരണം വേഗത്തിലാക്കുന്ന നടപടികൾ എന്നിവയായിരിക്കും ഇവ.
2022ലെ നേട്ടങ്ങളെ കുറിച്ചും യോഗം അവലോകനം ചെയ്തു. കഴിഞ്ഞ വർഷം 71 കരാറുകളാണ് രാജ്യം ഒപ്പുവെച്ചത്. സർക്കാർ പുറത്തിറക്കിയ 900 ഉത്തരവുകളും വിലയിരുത്തി. ഇതിൽ 22 സർക്കാർ നയങ്ങളും 68 ഫെഡറൽ നിയമങ്ങളും ഉൾപെടുന്നു. പുതിയൊരു യാത്ര ആരംഭിക്കുകയാണെന്നും രാജ്യത്തിന്‍റെ ഭാവിയിൽ നിറഞ്ഞ പ്രതീക്ഷയാണുള്ളതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നിലപാടുകൾ സാക്ഷാത്കരിക്കാനും ജനങ്ങളുടെ സാമ്പത്തിക-സാമൂഹിക അഭിലാഷങ്ങൾ പൂർത്തീകരിക്കാനുമുള്ള വേദിയാണ് മന്ത്രി സഭയെന്നും ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ആഗോളതലത്തിലെ ഏറ്റവും മികച്ച സർക്കാരാണ് യു.എ.ഇയിലേത്. മികച്ച സംഘമാണ് യു.എ.ഇയുടെ വിജയത്തിന് കാരണമെന്നുംഅവർ അഭിനന്ദനം അർഹിക്കുന്നതായും ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
Adjust Story Font
16