Quantcast

ബ്രിക്സ് ഉച്ചകോടിയിൽ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡണ്ട്

നരേന്ദ്രമോദിയുമായും ശൈഖ് മുഹമ്മദ് പ്രത്യേകം കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Published:

    23 Oct 2024 4:05 PM GMT

ബ്രിക്സ് ഉച്ചകോടിയിൽ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡണ്ട്
X

ദുബൈ: റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡണ്ട്. ബ്രിക്‌സ് അംഗമെന്ന നിലയിൽ യുഎഇ പങ്കെടുക്കുന്ന ആദ്യത്തെ ഉച്ചകോടിയാണ് റഷ്യയിലേത്.

അന്താരാഷ്ട്ര തർക്കങ്ങളിലെ മധ്യസ്ഥൻ എന്ന നിലയിൽ വലിയ ശ്രദ്ധയാണ് ബ്രിക്‌സ് ഉച്ചകോടിയിൽ യുഎഇക്ക് ലഭിച്ചത്. നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ സെഷനിൽ ചൈനയ്ക്കും ഇന്ത്യയ്ക്കുമൊപ്പമായിരുന്നു യുഎഇയുടെ സ്ഥാനം. നരേന്ദ്രമോദിയുമായി ശൈഖ് മുഹമ്മദ് പ്രത്യേകം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ബ്രിക്‌സ് ഉച്ചകോടിയുടെ ഓരത്തു വച്ച് യുഎഇ പ്രസിഡണ്ടും സഹോദരനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദിനെ കണ്ടു. സന്തോഷം, എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി എക്‌സിൽ കുറിച്ചത്. ഫോട്ടോ സെഷനു വേണ്ടി വരുന്ന വേളയിൽ ശൈഖ് മുഹമ്മദിനെ നരേന്ദ്രമോദി കൈ കൊടുത്ത് സ്വീകരിച്ചതും ശ്രദ്ധിക്കപ്പെട്ടു.

ഉച്ചകോടി ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പു തന്നെ ശൈഖ് മുഹമ്മദ് റഷ്യയിലെത്തിയിരുന്നു. ശൈഖ് മുഹമ്മദിനായി റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ ഔദ്യോഗിക വസതിയിൽ പ്രത്യേക അത്താഴ വിരുന്നൊരുക്കുകയും ചെയ്തു. റഷ്യ-യുക്രൈൻ യുദ്ധത്തിൽ യുഎഇ നടത്തുന്ന മധ്യസ്ഥ ശ്രമം വിജയകരമാകുന്ന സാഹചര്യത്തിൽ കൂടിയാണ് ശൈഖ് മുഹമ്മദിന്റെ സന്ദർശനം. രണ്ടായിരത്തിലേറെ യുദ്ധത്തടവുകാരെയാണ് അറബ് രാജ്യത്തിന്റെ മധ്യസ്ഥതയിൽ ഇതുവരെ മോചിതരായിട്ടുള്ളത്.

ബ്രിക്‌സിന്റെ പതിനാറാം ഉച്ചകോടിയാണ് റഷ്യയിൽ നടന്നുവരുന്നത്. സ്ഥാപിത അംഗങ്ങളായ ബ്രസീൽ, റഷ്യ, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവർക്ക് പുറമേ, ഈജിപ്ത്, ഇറാൻ, എതോപ്യ രാഷ്ട്രങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

TAGS :

Next Story