ശൈഖ് സായിദ്- ശൈഖ് റാഷിദ് ആലിംഗനം; ആ വൈറൽ ഫോട്ടോയുടെ കഥ
മരുഭൂമിയുടെ വന്യതയെല്ലാം പശ്ചാത്തലമായി വന്നു നിന്ന ആ ചരിത്രമുഹൂർത്തം പകർത്തിയത് നൂർ അലി റാഷിദ് എന്ന റോയൽ ഫോട്ടോഗ്രാഫർ
ദുബൈ: വലിയ സ്വപ്നങ്ങളിലേക്കുള്ള യുഎഇയുടെ സഞ്ചാരത്തിന് വിത്തിട്ടത് രാഷ്ട്ര പിതാവ് ശൈഖ് സായിദും രാഷ്ട്ര ശിൽപി ശൈഖ് റാഷിദുമാണ്. യുഎഇ ഒരു യൂണിയനായി മാറുന്നതിന് മൂന്നു വർഷം മുമ്പു തന്നെ കൈകോർത്തു മുമ്പോട്ടു പോകാൻ ഇരുവരും തീരുമാനിച്ചിരുന്നു. മരുഭൂമിയിലെ ഒരു ടെന്റാണ് ആ ചരിത്ര നിമിഷത്തിന് സാക്ഷിയായത്.
യുഎഇയുടെ അമ്പത്തിമൂന്നാം ദേശീയ ദിനാഘോഷത്തിന്റെ അടയാളമാണ് രാഷ്ട്ര ശില്പികളായ ശൈഖ് സായിദും ശൈഖ് റാഷിദും ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രം. ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തുടനീളം സ്ഥാപിച്ച സൈൻ ബോഡുകളിലും പോസ്റ്ററുകളിലും ഈ ഐക്യച്ചിത്രം കാണാം.
യുഎഇയുടെ ഐക്യത്തിന്റെ അടയാളമായ ആ ചിത്രത്തിനു പിന്നിൽ വലിയൊരു കഥയുണ്ട്, അതിങ്ങനെയാണ്...
വർഷം 1968. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്ന രാഷ്ട്രം ശൈഖ് സായിദിന്റെയും റാഷിദിന്റെയും മനസ്സിൽ ഒരാശയമായി മാത്രമുള്ള വേള. രാഷ്ട്ര രൂപീകരണത്തിനായി പകലന്തിയോളം ചർച്ചയിൽ മുഴുകി ഇവർ. ബ്രിട്ടീഷുകാർ പിൻവാങ്ങിയതോടെ ഒന്നിച്ചൊരു രാഷ്ട്രമാകാൻ ഒടുവിൽ ഇവരൊരു തീരുമാനത്തിലെത്തി, 1968 ഫെബ്രുവരി 18ന്.
അബൂദബി-ദുബൈ അതിർത്തിയിലെ അൽ സമീഹ് മരുഭൂമിയിൽ സെയ് അൽ സെദിറയിലെ ചെറിയ ടെന്റിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ചെറിയ മലനിരകൾക്കുള്ളിലെ ആ ടെന്റിൽ പിറന്ന ചരിത്ര നിമിഷത്തിനൊടുവിൽ ശൈഖ് സായിദും ശൈഖ് റാഷിദും അണച്ചുചേർത്തു പിടിച്ചു. മരുഭൂമിയുടെ വന്യതയെല്ലാം പശ്ചാത്തലമായി വന്നു നിന്ന ആ ചരിത്രമുഹൂർത്തം പകർത്തിയത് നൂർ അലി റാഷിദ് എന്ന റോയൽ ഫോട്ടോഗ്രാഫർ.
ഈ ചിത്രത്തിന് അര നൂറ്റാണ്ടു തികഞ്ഞ 2018ൽ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെയാണ്,
അമ്പതു വർഷം മുമ്പ്, 1968 ഫെബ്രുവരി 18 ന് മരുഭൂമിയിലെ ഒരു ടെന്റിൽ വച്ച് ശൈഖ് സായിദും ശൈഖ് റാഷിദും ഒരു രാഷ്ട്രം നിർമിക്കാൻ കൈ കൊടുത്തു. സായിദ് അതിന്റെ പ്രസിഡണ്ടായി.
ഒരു ചരിത്ര നിമിഷം മാത്രമായിരുന്നില്ല ആ ചിത്രം. ഇരു നേതാക്കളും തമ്മിലുള്ള സ്‌നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ആവിഷ്‌കാരം കൂടിയാണ്. ഇരുവരുടെയും കാഴ്ചപ്പാടിലാണ് ഷാർജ, അജ്മാൻ,ഉമ്മുൽ ഖുവൈൻ, ഫുജൈറ, പിന്നീട് റാസൽ ഖൈമ എമിറേറ്റുകൾ കൂടി ചേർന്ന് 1971 ൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്ന രാഷ്ട്രം സാധ്യമാക്കിയത്.
പശ്ചിമേഷ്യൻ മേഖലയിലെ ഐക്യത്തിന്റെയും ഐശ്വര്യത്തിന്റെയും സ്തംഭമായി യുഎഇ ഇന്നും നിലനിൽക്കുന്നത് ഈ രാഷ്ട്ര ശിൽപ്പികളുടെ ആത്മവിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും മുകളിലാണ്. ഏകമനസ്സോടെ ഒരേ ലക്ഷ്യത്തിലേക്ക് തുഴയെറിഞ്ഞ രണ്ട് ദീർഘദർശികളുടെ സുദീർഘസഞ്ചാരം.
Adjust Story Font
16