ദുബൈ വിമാനത്താവളത്തിൽ കുട്ടികൾക്ക് പ്രത്യേക എമിഗ്രേഷൻ കൗണ്ടർ
ദുബൈ വിമാനത്താവളത്തിന്റെ കൂടുതൽ ടെർമിനലുകളിൽ കുട്ടികൾക്കായി പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകൾ തുറന്നു. ഇവിടെ കുട്ടികൾക്ക് സ്വയം പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യാൻ സൗകര്യമുണ്ടാകും.
ദുബൈ വിമാനത്താവളത്തിന്റെ ഒന്ന്, രണ്ട് ടെർമിനലുകളിലാണ് കുട്ടികൾക്കായി പുതിയ എമിഗ്രേഷൻ കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചത്. പെരുന്നാൾ ദിവസം ജിഡിആർഎഫ്എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി കൗണ്ടറുകൾ ഉദ്ഘാടനം ചെയ്തു.
ഉപ മേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ അടക്കം ഉന്നത ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. ദുബൈ വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിലാണ് കുട്ടികൾക്കായി ആദ്യം എമിഗ്രേഷൻ കൗണ്ടർ തുറന്നത്. ഇതിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് കൂടുതൽ ടെർമിനലിലേക്ക് വ്യാപിപ്പിച്ചത്.
10,423 കുട്ടികൾ ടെർമിനൽ മൂന്നിലെ കൗണ്ടർ പ്രയോജനപ്പെടുത്തി. ദുബൈയിലേക്കുള്ള യാത്ര കുട്ടികൾക്ക് വേറിട്ട അനുഭവമാക്കാൻ ലക്ഷ്യമിട്ടാണ് ഈ സൗകര്യം.
Adjust Story Font
16