ദുബൈയിലെ പൊതു ജലഗതാഗത സർവീസുകൾക്ക് ശൈത്യകാലത്ത് പ്രത്യേക ഷെഡ്യൂളിങ്
ഫെറി, അബ്ര, വാട്ടർടാക്‌സി എന്നിവക്ക് ബാധകം
ദുബൈ: ദുബൈയിലെ പൊതു ജലഗതാഗത സർവീസുകൾക്ക് ശൈത്യകാലത്ത് പ്രത്യേക ഷെഡ്യൂളിങ് സംവിധാനം ഏർപ്പെടുത്തുന്നു. സർവീസുകളുടെ ആവശ്യകത, യാത്രക്കാരുടെ എണ്ണം എന്നിവ കണക്കാക്കി മറൈൻ സർവീസുകളുടെ ഷെഡ്യൂൾ ക്രമീകരിക്കുന്ന സംവിധാനമാണിത്.
ദുബൈയിൽ വേനൽവിടപറഞ്ഞ് ശൈത്യകാല ടൂറിസം സീസൺ വരാനിരിക്കെയാണ് ആർ.ടി.എ മറൈൻ സർവീസുകൾക്ക് വിന്റർ സീസണൽ നെറ്റ് വർക്ക് എന്ന പേരിൽ പ്രത്യേക ഷെഡ്യൂളിങ് സംവിധാനം ഏർപ്പെടുത്തുന്നത്. ബിഗ് ഡാറ്റ അനാലിസിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ സംവിധാനം പ്രവർത്തിക്കുക.
ദുബൈ ഫെറി, അബ്ര, ദുബൈ വാട്ടർടാക്‌സി എന്നിവയുടെയെല്ലാം സേവനങ്ങൾ ഈ സംവിധാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ക്രമീകരിക്കുക. ഓരോ സീസണിലും അതാത് കാലാവസ്ഥക്ക് ചേർന്ന രീതിയിൽ ഷെഡ്യൂൾ തയാറാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തുന്നത്. ഓരോ ദിവസവും ജലഗതാഗത സംവിധാനം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം, വിവിധ മേഖലകളിൽ യാത്രക്കാരെ ആകർഷിക്കാൻ സാധ്യതയുള്ള പരിപാടികൾ, കൂടുതൽ പേർ യാത്രചെയ്യാൻ സാധ്യതയുള്ള സമയം തുടങ്ങിയ ഘടകങ്ങളെല്ലാം പുതിയ ഷെഡ്യൂളിങ് സംവിധാനം കണക്കിലെടുക്കുമെന്ന് ആർ.ടി.എ അറിയിച്ചു.
Adjust Story Font
16