യു.എ.ഇ പാർലമെന്റ് തെരഞ്ഞെടുപ്പ് പത്രികാ സമർപ്പണം പൂർത്തിയായി
ഒക്ടോബർ ഏഴിനാണ് യു.എ.ഇ പാർലമെന്റ് തെരഞ്ഞെടുപ്പ്
ദുബൈ: യു.എ.ഇ പാർലമെന്റ് തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം പൂർത്തിയായി. ഇന്ന് വൈകുന്നേരം നാല് വരെയാണ് പ്രതിക സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്. സ്ഥാനാർഥികളുടെ അന്തിമപട്ടിക സെപ്തംബർ രണ്ടിന് പ്രസിദ്ധീകരിക്കും.
യു.എ.ഇ പാർലമെന്റായ ഫെഡറൽ നാഷണൽ കൗൺസിലിലേക്ക് മൽസരിക്കുന്ന സ്വദേശികൾക്ക് ഓൺലൈനായും ഓഫ് ലൈനായും പത്രിക സമർപ്പിക്കാൻ അവസരമുണ്ടായിരുന്നു. ആഗസ്റ്റ് 15 ന് ആരംഭിച്ച പത്രികാ സമർപ്പണം ഇന്ന് വൈകുന്നേരത്തോടെ അവസാനിപ്പിച്ചു. സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക ഈമാസം 25 ന് പുറത്തുവിടും.
ആദ്യ ദിവസം 162 പേർ പത്രിക നൽകി. അബൂദബിയിൽ 58 പേരും, ദുബൈയിൽ 23 പേരും, ഷാർജയിൽ 29 പേരും ആദ്യ ദിവസം പത്രിക സമർപ്പിച്ചു. അജ്മാനിലും ഉമ്മുൽഖുവൈനിലും 12 വീതം സ്ഥാനാർഥികൾ അപേക്ഷ സമർപ്പിച്ചപ്പോൾ, റാസൽഖൈമയിൽ 19 പത്രിക ലഭിച്ചു. ഫുജൈറയിൽ ഒമ്പത് പേരാണ് അപേക്ഷിച്ചത്. സെപ്തംബർ രണ്ടിന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ മൽസരചിത്രം തെളിയും. ഒക്ടോബർ ഏഴിനാണ് ഫെഡറൽ നാഷണൽ കൗൺസിൽ തെരഞ്ഞെടുപ്പ്.
Adjust Story Font
16