Quantcast

വൈകാതെ 'സുഹൈൽ' നക്ഷത്രമുദിക്കും; യു.എ.ഇയിൽ താപനില കുറയുന്നതിന്റെ സൂചന

സുഹൈൽ ഉദിക്കുന്നതോടെ കാലാവസ്ഥ പതിയെ ശൈത്യത്തിന് വഴിമാറും

MediaOne Logo

Web Desk

  • Published:

    12 Aug 2024 5:16 PM GMT

വൈകാതെ സുഹൈൽ നക്ഷത്രമുദിക്കും; യു.എ.ഇയിൽ താപനില കുറയുന്നതിന്റെ സൂചന
X

ദുബൈ: കനത്ത ചൂട് അവസാനിക്കുന്നതിന്റെ അടയാളമായി വിലയിരുത്തപ്പെടുന്ന 'സുഹൈൽ' നക്ഷത്രം രണ്ടാഴ്ചക്കകം പ്രത്യക്ഷപ്പെടും. പരമ്പരാഗതമായി അറബ് സമൂഹം കാലാവസ്ഥാ മാറ്റത്തിൻറെ ചിഹ്നമായാണ് നക്ഷത്രം ഉദിക്കുന്നതിനെ വിലയിരുത്തുന്നത്. അത്യുഷ്ണം അവസാനിക്കുന്നതിന്റെ സൂചനകൾ യു.എ.ഇ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ കണ്ടുതുടങ്ങി

സുഹൈൽ ഉദിക്കുന്നതോടെ രാത്രികാലങ്ങളിലെ ചൂടാണ് ആദ്യഘട്ടത്തിൽ കുറയുക. പിന്നീട് പതിയെ കാലാവസ്ഥ ശൈത്യത്തിന് വഴിമാറും. ആഗസ്റ്റ് 24ന് സുഹൈൽ പ്രത്യക്ഷപ്പെടുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹീം അൽ ജർവാൻ പറഞ്ഞു. സുഹൈൽ പ്രത്യക്ഷപ്പെട്ടാൽ മേഖലയിൽ ഏകദേശം 40 ദിവസത്തെ 'സുഫ്‌രിയ' എന്നറിയപ്പെടുന്ന പരിവർത്തന കാലാവസ്ഥയാണ് അനുഭവപ്പെടുക. തീവ്രമായ വേനൽക്കാലത്തിനും ശൈത്യത്തിനും ഇടക്കുള്ള കാലമാണിത്. പിന്നീട് ഒക്ടോബർ പകുതി മുതൽ കാലാവസ്ഥ ക്രമേണ സ്ഥിരത കൈവരിക്കും. സുഹൈലിൻറെ ഉദയത്തിന് 100 ദിവസങ്ങൾ പിന്നിട്ടാണ് ശൈത്യകാലം ആരംഭിക്കുക.

സുഹൈലിൻറെ വരവോടെ ഇന്ത്യൻ മൺസൂൺ ദുർബലമാകും. കാലവർഷം തെക്കോട്ട് നീങ്ങുന്നതിൻറെ സൂചന കൂടിയാണിത്. ഈ സമയത്ത് ഈർപ്പം വർധിക്കുന്നത് മേഘങ്ങൾ രൂപപ്പെടാൻ കാരണമാകും. ഒമാനിലെയും യു.എ.ഇയിലെയും ഹജർ പർവതനിരകളുടെ കിഴക്കൻ ചരിവുകളിൽ കാലാവസ്ഥാ മാറ്റത്തിനും കാരണമാകും. 'യമനിലെ നക്ഷത്രം' എന്നറിയപ്പെടുന്ന സുഹൈലിന് അറബ് പാരമ്പര്യത്തിൽ സുപ്രധാനമായ സ്ഥാനമാണുള്ളത്.

TAGS :

Next Story