മീഡിയവൺ വാർത്ത തുണയായി; മർദനമേറ്റ മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നു
ഈ മാസം നാലിനാണ് അജ്മാൻ ജർഫിൽ ശമ്പളം ചോദിച്ചതിന് മൂന്ന് മലയാളി യുവാക്കളെ കമ്പനി ഉടമ മർദിക്കുന്ന ദൃശ്യങ്ങൾ മീഡിയവൺ പുറത്തുവിട്ടത്.
അജമാൻ: അജ്മാനിൽ ശമ്പള കുടിശ്ശിക ചോദിച്ചതിന് കമ്പനി ഉടമയുടെ മർദനത്തിന് ഇരയായ മൂന്ന് മലയാളി ജീവനക്കാർ സുരക്ഷിതരായി ഇന്ന് നാട്ടിലേക്ക് മടങ്ങും. മർദനത്തിന്റെ ദൃശ്യങ്ങൾ മീഡിയവൺ പുറത്തുവിട്ടതിന് പിന്നാലെ പത്തനംതിട്ട സ്വദേശിയായ കമ്പനി ഉടമ ഒത്തുതീർപ്പിന് വഴങ്ങുകയായിരുന്നു. പുതിയ പാസ്‌പോർട്ട് എടുത്ത് നൽകാനും, ശമ്പള കുടിശ്ശിക കൊടുത്തുവീട്ടാനും ഇയാൾ സന്നദ്ധനായി.
ഈ മാസം നാലിനാണ് അജ്മാൻ ജർഫിൽ ശമ്പളം ചോദിച്ചതിന് മൂന്ന് മലയാളി യുവാക്കളെ കമ്പനി ഉടമ മർദിക്കുന്ന ദൃശ്യങ്ങൾ മീഡിയവൺ പുറത്തുവിട്ടത്. ആലപ്പുഴ സ്വദേശി രാഹുൽ ആന്റണി, കൊല്ലം സ്വദേശികളായ അനു അനിൽകുമാർ, അൻസീർ അബ്ദുൽ അസീസ് എന്നിവർക്കാണ് മർദനമേറ്റത്. ദൃശ്യങ്ങളുമായി അജ്മാൻ പൊലീസിനെ സമാപിച്ച യുവാക്കൾക്ക് സംരക്ഷണമൊരുക്കി അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ ഭാരവാഹികളും ഒപ്പം നിന്നു
കേസ് ഒഴിവാക്കാൻ ഒത്തുതീർപ്പിന് തയ്യാറായ കമ്പനി ഉടമ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി എൽദോ ജീവനക്കാരുടെ മുഴുവൻ ശമ്പള കുടിശ്ശികയും കൊടുത്തുതീർത്തു. കമ്പനിയിൽ സൂക്ഷിച്ചിരുന്ന പാസ്‌പോർട്ടുകൾ നഷ്ടപ്പെട്ടതിനാൽ യുവാക്കൾക്ക് പുതിയ പാസ്‌പോർട്ട് എടുക്കാനുള്ള ചെലവ് ഏറ്റെടുക്കാനും ഇയാൾ തയ്യാറായി.
Adjust Story Font
16