മുഖ്യമന്ത്രിക്ക് യു എ ഇയിൽ പൗരസ്വീകരണം നല്‍കും
അബൂദബി സാമ്പത്തിക വികസന വകുപ്പിന്റെ വാർഷിക നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തമാസം യു എ ഇയിലെത്തുന്നത്
അടുത്തമാസം യു എ ഇയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് അബൂദബിയിലും ദുബൈയിലും പൗരസ്വീകരണം നൽകും. മെയ് ഏഴിന് അബൂദബിയിലും, 10 ന് ദുബൈയിലുമാണ് സ്വീകരണ പരിപാടി. ദുബൈ അൽനാസർ ലിഷർലാൻഡിൽ ഒരുക്കുന്ന സ്വീകരണത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
യു എ ഇ സർക്കാറിന്റെ ക്ഷണം അനുസരിച്ച് അബൂദബി സാമ്പത്തിക വികസന വകുപ്പിന്റെ വാർഷിക നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തമാസം യു എ ഇയിലെത്തുന്നത്. മന്ത്രിമാരായ പി രാജീവ്, പി എ മുഹമ്മദ് റിയാസ് എന്നിവരും ഒപ്പമുണ്ടാകും. ദുബൈയിലെ സ്വീകരണത്തിന് സ്വാഗതസംഘം രൂപീകരിക്കാൻ ദുബൈ ഫ്ലോറ ക്രീക്ക് ഹോട്ടലിൽ നടന്ന യോഗത്തിൽ നോർക്ക ഡയറക്ടർ ഒ വി മുസ്തഫ അധ്യക്ഷത വഹിച്ചു.
ദുബൈയിലെയും മറ്റ് വടക്കൻ എമിറേറ്റുകളിലെയും മലയാളി കൂട്ടായ്മകളുടെ പ്രതിനിധികളടക്കം 351 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്. ലോകകേരള സഭാ അംഗങ്ങൾ ഉൾപ്പെടുന്ന 51 അംഗ പ്രവർത്തക സമിതിയെയും നിശ്ചയിച്ചു. നോർക്ക ഡയറകടർമാരായ എം എ യൂസഫലി, ഡോ. ആസാദ് മൂപ്പൻ, രവി പിള്ള, സി വി റപ്പായി, ജെകെ മേനോൻ എന്നിവരാണ് മുഖ്യ രക്ഷാധികാരികൾ. ചെയർമാനായി ഡോക്ടർ കെ പി ഹുസൈൻ, ജനറൽ കൺവീനറായി ഒ വി മുസ്തഫ എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുൽ ജബ്ബാർ, ഷംലാൽ, വി എ ഹസൻ, കെ എം നൂറുദ്ദീൻ, ഷംസുദ്ദീൻ മുഹിയുദ്ദീൻ എന്നിവർ സഹ രക്ഷാധികാരികളാണ്. എൻ കെ കുഞ്ഞുമുഹമ്മദ്, രാജൻ മാഹി, ആർ പി മുരളി എന്നിവർ കോഡിനേറ്റർമാരായി പ്രവർത്തിക്കും.മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട കാര്യങ്ങളും യോഗം ചർച്ച ചെയ്തു. മെയ് ഏഴിനാണ് അബുദാബിയിലെ പൗരസ്വീകരണം നടക്കുക.
Adjust Story Font
16