Quantcast

അബൂദബിയിൽ മരിക്കുന്ന പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവ് സർക്കാർ വഹിക്കും

മൃതദേഹം നാട്ടിലെത്തിക്കാനും സഹായം നൽകും

MediaOne Logo

Web Desk

  • Published:

    19 Dec 2024 1:22 PM GMT

അബൂദബിയിൽ മരിക്കുന്ന പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവ് സർക്കാർ വഹിക്കും
X

ദുബൈ: അബൂദബിയിൽ മരിക്കുന്ന പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവ് ഏറ്റെടുത്ത് അബൂദബി സർക്കാർ. മൃതദേഹം നാട്ടിലെത്തിക്കാനും സനദ്‌കോം പദ്ധതിയിലൂടെ സഹായം നൽകും. മരണസർട്ടിഫിക്കറ്റ്, എംബാമിങ് ചെലവുകളും സർക്കാർ വഹിക്കും. അബൂദബിയിൽ താമസവിസയുള്ള പ്രവാസികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

കഴിഞ്ഞ ജനുവരിയിൽ അബൂദബിയിലെ യു.എ.ഇ സ്വദേശികൾക്കായി നടപ്പാക്കിയ സനദ്‌കോം എന്ന പദ്ധതിയുടെ ആനുകൂല്യം ഇനി മുതൽ പ്രവാസികൾക്കും ലഭ്യമാക്കാനാണ് തീരുമാനം. മരണം റിപ്പോർട്ട് ചെയ്താൽ തുടർ നടപടികൾക്കായി സനദ്‌കോം പദ്ധതിയിൽ നിന്ന് സർക്കാർ പ്രതിനിധിയെ നിയോഗിക്കും. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ നേരത്തേ ഏഴ് സർക്കാർ വകുപ്പുകളിൽ എത്തി രേഖകൾ ശരിയാക്കണമായിരുന്നു. ഇത് ഏകീകൃത സംവിധാനത്തിലൂടെ എളുപ്പത്തിൽ പൂർത്തിയാക്കും.

മരണസർട്ടിഫിക്കറ്റ്, എംബാമിങ് തുടങ്ങിയവക്ക് വേണ്ടി വരുന്ന ചെലവുകൾ മഅൻ എന്ന സോഷ്യൽ കോൺട്രിബ്യൂഷൻ അതോറിറ്റി ഏറ്റെടുക്കും. ആംബുലൻസ് മുതൽ മൃതദേഹം നാട്ടിലെത്തിക്കുന്നത് വരെയുള്ള മുഴുവൻ നടപടികൾക്കും സഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പലയിടത്തും എംബാമിങ് മുതൽ ശവപ്പെട്ടിക്ക് വരെ വൻതുക ചെലവ് വേണ്ടി വരുന്ന സാഹചര്യത്തിലാണ് അബൂദബി സർക്കാറിന്റെ ഈ പ്രഖ്യാപനം.


TAGS :

Next Story