യുഎഇ സമ്പദ് വ്യവസ്ഥ കുതിക്കും; 2025ൽ 5.1 ശതമാനം വളർച്ചയെന്ന് ഐ.എം.എഫ്
വേൾഡ് ഇകണോമിക് ഔട്ട്ലുക്ക് റിപ്പോർട്ടിലാണ് യുഎഇയുടെ സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള പരാമർശങ്ങൾ
ദുബൈ: അടുത്ത സാമ്പത്തിക വർഷം യുഎഇ സമ്പദ്‌വ്യവസ്ഥ 1 ശതമാനം അധിക വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്. സമ്പദ് വ്യവസ്ഥ വൈവിധ്യവൽക്കരിക്കുന്നതും വിദേശ നിക്ഷേപം ആകർഷിക്കുന്നതുമാണ് രാജ്യത്തിന് കരുത്താകുയെന്നും റിപ്പോർട്ടിൽ പറയുന്നു.
അന്താരാഷ്ട്ര നാണയനിധി ചൊവ്വാഴ്ച പുറത്തുവിട്ട വേൾഡ് ഇകണോമിക് ഔട്ട്ലുക്ക് റിപ്പോർട്ടിലാണ് യുഎഇയുടെ സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള പരാമർശങ്ങൾ. ഈ വർഷം ജിഡിപി വളർച്ചാ നിരക്ക് നാലു ശതമാനമായി തുടരും. അടുത്ത വർഷം ഇത് ഒരു ശതമാനം വർധിച്ച് 5.1 ശതമാനമാകും. ടൂറിസം, നിർമാണം, ധന മേഖലകളിലെ ഉണർവാണ് വളർച്ചയിൽ പ്രതിഫലിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രങ്ങളിലൊന്നായ യുഎഇ, സമ്പദ് വ്യവസ്ഥയെ വൈവിധ്യവൽക്കരിച്ചിട്ടുണ്ട്. വലിയ തോതിൽ വിദേശ നിക്ഷേപം ആകർഷിക്കുകയും ചെയ്യുന്നു. പുനരുൽപാദന ഊർജം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഈ മേഖലയിൽ പൊതു-സ്വകാര്യ പങ്കാളിത്തം വർധിപ്പിച്ചത് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2025 ൽ യുഎഇയുടെ ജിഡിപി വളർച്ച 6.2 ശതമാനത്തിലെത്തുമെന്നാണ് അറബ് മോണിറ്ററി ഫണ്ടിന്റെ പ്രവചനം. 2024ലെ 3.9 ശതമാനത്തിൽ നിന്നാണ് ജിഡിപി ഇത്രയും വളർച്ച കൈവരിക്കുക.
Adjust Story Font
16