Quantcast

'ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഒട്ടും വൈകരുത്'- യു.എ.ഇ പ്രസിഡൻറ്

ഗസ്സയിലെ ജനത അനുഭവിച്ചു വരുന്ന ദുരിതങ്ങൾക്ക് സമാനതയില്ലെന്നും പരമാവധി സഹായം എത്തിക്കാൻ അടിയന്തര നടപടി കൂടിയേ തീരൂവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    30 May 2024 5:27 PM GMT

The international community should not delay to implement an immediate ceasefire in Gaza - UAE President
X

ദുബൈ: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഒട്ടും വൈകരുതെന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ. ബീജിങിൽ ചേർന്ന ചൈന, അറബ് ഫോറത്തിനു മുമ്പാകെയാണ് യു.എ.ഇ പ്രസിഡൻറിന്റെ അഭ്യർഥന. ഈജിപ്ത് ഉൾപ്പെടെ നിരവധി അറബ് രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുത്ത ഫോറത്തിൽ ഗസ്സ വിഷയം സജീവ ചർച്ചാവിഷയമായി.

ഗസ്സയിലെ ജനത അനുഭവിച്ചു വരുന്ന ദുരിതങ്ങൾക്ക് സമാനതയില്ലെന്നും പരമാവധി സഹായം എത്തിക്കാൻ അടിയന്തര നടപടി കൂടിയേ തീരൂവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ചൈന അറബ് ഫോറത്തിൽ നടത്തിയ പ്രസംഗത്തിൽ ദ്വിരാഷ്ട്ര പ്രശ്‌നപരിഹാരം മാത്രമാണ് പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാർഗമെന്നും ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.

അറബ് മേഖലയുടെ സുരക്ഷക്കും കെട്ടുറപ്പിനും ഫലസ്തീൻ പ്രശ്‌നപരിഹാരം അനിവാര്യമാണെന്ന് ചൈനീസ് പ്രസിഡൻറ് ക്ഷി ജിൻപിങ് പറഞ്ഞു. ഫലസ്തീൻ രാഷ്ട്രത്തിന് പൂർണ അംഗീകാരം നൽകാൻ ചൈന നേരത്തെ തന്നെ സന്നദ്ധത അറിയിച്ചതാണെന്ന് ചൈനീസ് പ്രസിഡൻറ് ചൂണ്ടികാട്ടി. അറബ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ സുദൃഢമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിൻറ മനുഷ്യത്വവിരുദ്ധ നടപടികളെ അമർച്ച ചെയ്യാൻ ലോകം ഒന്നാകെ രംഗത്തു വരണമെന്ന് ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി പറഞ്ഞു. യു.എ.ഇക്കു പുറമെ ഈജിപ്ത്, ബഹ്‌റൈൻ, തുനീഷ്യ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിലെ പ്രമുഖ നേതാക്കളും ഫോറത്തിൽ സംബന്ധിച്ചു.

TAGS :

Next Story