ബറക ആണവോർജ നിലയം; അവസാന റിയാക്ടറും പൂർത്തിയായി
നിർമാണം പൂർത്തിയായതോടെ മേഖലയിലെ ഏറ്റവും വലിയ ശുദ്ധോർജ സംവിധാനമായ ബറക നിലയം സുപ്രധാന വഴിത്തിരിവാണ്പിന്നിട്ടിരിക്കുന്നത്.
അബൂദബി: യു.എ.ഇയുടെ അഭിമാന ഊർജ പദ്ധതിയായ ബറക ആണവോർജ നിലയത്തിന്‍റെ അവസാന റിയാക്ടറിന്‍റെ നിർമാണവും പൂർത്തിയായി. എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ ചൊവ്വാഴ്ചയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിയാക്ടറിലേക്ക് ഇന്ധന അസംബ്ലികൾ അടക്കമുള്ള സംവിധാനങ്ങൾ ഘടിപ്പിച്ചതോടെ നിലയം പൂർണ സജ്ജമായി.
അബൂദബി അല്‍ ദഫ്റ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആണവോര്‍ജ നിലയത്തിന്‍റെ നാലാം റിയാക്ടറിന് ന്യൂക്ലിയര്‍ റെഗുലേഷന്‍ ഫെഡറല്‍ അതോറിറ്റി നേരത്തെ പ്രവര്‍ത്തനാനുമതി നൽകിയിരുന്നു. 'ഇനെകി'നു കീഴിൽ പ്രവർത്തിക്കുന്ന 'നവാ' ഊര്‍ജ കമ്പനിക്കാണ് പ്രവര്‍ത്തനാനുമതി ലഭിച്ചത്. നിർമാണം പൂർത്തിയായതോടെ മേഖലയിലെ ഏറ്റവും വലിയ ശുദ്ധോർജ സംവിധാനമായ ബറക നിലയം സുപ്രധാന വഴിത്തിരിവാണ്പിന്നിട്ടിരിക്കുന്നത്.
വൈകാതെ റിയാക്ടർ പൂർണമായ പ്രവർത്തന ഘട്ടത്തിലേക്ക് പ്രവേശിക്കും. അടുത്ത ഘട്ടത്തിൽ റിയാക്ടർ ദേശീയ വൈദ്യുത ഗ്രിഡുമായി ബന്ധിപ്പിച്ച് വൈദ്യുത ഉൽപാദനം ക്രമേണ ഉയർത്തും. സുരക്ഷ, ഗുണനിലവാരം എന്നിവയുടെ അന്തർദേശീയ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരമാവധി വൈദ്യുതി ഉൽപ്പാദനം എത്തുന്നതുവരെ തുടർച്ചയായി നിരീക്ഷണ- പരീക്ഷണങ്ങൾ നടക്കും. അടുത്ത വർഷമാണ് പ്ലാന്‍റ് പൂർണ പ്രവർത്തനം ആരംഭിക്കുക.
പ്രവർത്തനം ആരംഭിച്ചാൽ നാലാമത്തെ റിയാക്ടർ മാത്രം അടുത്ത 60 വർഷത്തേക്ക് രാജ്യത്തിന്‍റെ വൈദ്യുതി ആവശ്യങ്ങളുടെ 25 ശതമാനം ഉൽപാദിപ്പിക്കും. നിലവിൽ ബറകയുടെ മൂന്ന് നിലയങ്ങൾ വാണിജ്യാടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ നിന്ന് ഓരോ വർഷവും 30 ടെറാവാട്ട് പരിസ്ഥിതി സൗഹൃദ വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. ആഗോളതലത്തിലെ ഏറ്റവും വലിയ ആണവോർജ സൗകര്യങ്ങളിലൊന്നായാണ് പ്ലാന്റ് അടയാളപ്പെടുത്തപ്പെടുന്നത്.
Adjust Story Font
16